ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നിയമസഭ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വൻ ക്രമക്കേടുണ്ടെന്ന് മദ്രാസ് ഹൈകോടതി. രണ്ട് വ്യത്യസ്ത മണ്ഡലങ്ങളിൽ വിജയ് സമർപ്പിച്ച ആസ്തിവിവരങ്ങളിൽ 100 കോടിയിലധികം രൂപയുടെ വ്യത്യാസമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 'ഇതൊരു ഗുരുതരമായ ക്രമക്കേടാണ്. ഒരു മണ്ഡലത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 100 കോടിയിലധികം രൂപയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല' എന്ന് കോടതി വാക്കാൽ പരാമർശിച്ചു. വെളിപ്പെടുത്തലുകളിൽ ആദായനികുതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മദ്രാസ് ഹൈകോടതി തിങ്കളാഴ്ച ഫയലിൽ സ്വീകരിച്ചു. കേസിൽ നടൻ വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദായനികുതി വകുപ്പ് , പെരമ്പൂർ, തൃച്ചി (ഈസ്റ്റ്) മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ചെന്നൈ സ്വദേശിയായ വി. വിഘ്നേഷ് സമർപ്പിച്ച ഹരജിയിലാണ് ഈ നടപടി. വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ സത്യവാങ്മൂലങ്ങൾ തമ്മിലുള്ള വൈരുദ്ധ്യമാണ് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയത്. പെരമ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഏകദേശം 115.13 കോടി രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്. തൃച്ചി (ഈസ്റ്റ്) മണ്ഡലത്തിൽ സമർപ്പിച്ച ആസ്തിയാകട്ടെ 220.15 കോടി രൂപയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.ഈ 100 കോടിയിലധികം രൂപയുടെ വ്യത്യാസം വെറുമൊരു സാങ്കേതിക പിശകായി കാണാനാവില്ലെന്നും ആസ്തികൾ മനഃപൂർവം മറച്ചുവെച്ചതാണെന്നും ഹരജിയിൽ ആരോപിക്കുന്നു. ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ കേസിൽ കോടതി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നേരത്തെ, നാമനിർദ്ദേശ പത്രികയിൽ ക്രിമിനൽ കേസുകളുടെ വിവരം മറച്ചുവെച്ചു എന്ന പരാതിയെത്തുടർന്ന് വിജയ് സത്യവാങ്മൂലം തിരുത്തി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആസ്തി വിവാദം പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

നടൻ വിജയുടെ സത്യവാങ്മൂലത്തിൽ 100 കോടിയുടെ പൊരുത്തക്കേട്; മദ്രാസ് ഹൈകോടതി നോട്ടീസയച്ചു
M
MadhyamamSource Link
20 days ago