നാസിക് ടി.സി.എസ് കേസ്; പിന്നിൽ പ്രഫഷനൽ വൈരാഗ്യമെന്ന് ബന്ധുക്കൾ

നാസിക് ടി.സി.എസ് കേസ്; പിന്നിൽ പ്രഫഷനൽ വൈരാഗ്യമെന്ന് ബന്ധുക്കൾ

മുംബൈ: നാസിക് ടി.സി.എസ് ലൈംഗിക പീഡന-മതംമാറ്റ കേസിനു പിന്നിൽ തൊഴിൽ രംഗത്തെ അസൂയയും വൈരാഗ്യവുമെന്ന് അറസ്റ്റിലായ റാസ മേമന്റെ ബന്ധുക്കൾ. കഴിഞ്ഞ വർഷം കമ്പനി നടത്തിയ ആഭ്യന്തര പരീക്ഷയിൽ റാസ മികച്ച വിജയമാണ് നേടിയതെന്നും ടീം ലീഡർ എന്ന നിലയിൽ മികച്ച പ്രകടനമായിരുന്നുവെന്നും അമ്മാവൻ ആയാസ് ഖാസി പറഞ്ഞു. ഇതേ ചൊല്ലിയുള്ള അസ്വാസ്ഥ്യങ്ങളാകാം നിരപരാധിയായ റാസയെ കേസിൽ കുരുക്കിയതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ ആദ്യ പരാതിക്കാരിയും മുഖ്യപ്രതി ഡാനിഷ് ശൈഖും ഉൾപ്പെട്ട ടീമിന്റെ ലീഡറാണ് റാസ. ഡാനിഷ് ശൈഖിന് എതിരെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്നും മതം മാറ്റത്തിന് നിർബന്ധിച്ചുവെന്നും ആരോപിച്ചാണ് ആദ്യ പരാതി ഉണ്ടായത്. പിന്നീടാണ് ലൈംഗികാതിക്രമം, മതവികാരം വ്രണപ്പെടുത്തൽ, മതം മാറ്റത്തിന് നിർബന്ധിക്കൽ തുടങ്ങിയ ആരോപണങ്ങളുമായി മറ്റു കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. കമ്പനി ഉൽപന്നങ്ങളുടെ വിപണന സാധ്യതയും അതിനുള്ള ടീമിന്റെ കാര്യക്ഷമതയുമാണ് ടീം ലീഡർ എന്ന നിലയിൽ റാസയുടെ ചുമതല. പരാതിക്കാരി ഉൾപ്പെടെയുള്ള സഹജീവനക്കാരോട് അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു പോലും അനുഭാവത്തോടെ റാസ സഹകരിച്ചതിന്റെ തെളിവായി അവരുമായുള്ള വാട്സ്ആപ് ചാറ്റുകൾ ആയാസ് ഖാസി ചൂണ്ടിക്കാട്ടി. തനിക്ക് മുകളിലിരിക്കുന്നവരിൽനിന്ന് റാസ മതപരമായ വിവേചനം നേരിട്ടിരുന്നുവെന്നും ആയാസ് ആരോപിച്ചു. പ്രഫഷനൽ വൈരാഗ്യവുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് റാസയെ കുടുക്കിയതിന് പിന്നിലെന്നാണ് ആരോപണം. ഡാനിഷും റാസയും ഉൾപ്പെടെ ആറ് മുസ്‍ലിം യുവാക്കളും കമ്പനിയുടെ ഓപറേഷൻ മാനേജറുമാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കേസിൽ ഒളിവിൽ കഴിയുന്ന പ്രോസസ് അസോസിയേറ്റ് നിത ഖാൻ അഭിഭാഷകർ മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നാസിക് സെഷൻസ് കോടതി തിങ്കളാഴ്ച വാദം കേൾക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാസിക് ടി.സി.എസ് കേസ്; പിന്നിൽ പ്രഫഷനൽ വൈരാഗ്യമെന്ന് ബന്ധുക… | Boolokam