റിയാദ്: സാമൂഹിക സാംസ്കാരിക പ്രവർത്തകനായ മലപ്പുറം സ്വദേശി നാസർ വണ്ടൂർ 35 വർഷത്തെ സൗദി ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങി. റിയാദിലെ അലൂബ് കമ്പനിയിൽ നീണ്ട 26 വർഷത്തെ സേവനത്തിന് ശേഷമാണ് മടക്കം. 1991ൽ പ്രവാസം ആരംഭിച്ച നാസർ, അഞ്ച് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി ബസ് ഡ്രൈവറായി ജോലി ചെയ്തു. തുടർന്ന് 2000-ൽ വീണ്ടും സൗദിയിലെത്തിയ അദ്ദേഹം മലപ്പുറം കാളികാവ് സ്വദേശി അഷ്റഫ് എറമ്പത്തിെൻറ കീഴിൽ അലൂബ് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഒടുവിൽ ജനറൽ മാനേജർ പദവി വരെ ഉയർന്ന ശേഷമാണ് വിരമിച്ച് നാട്ടിലേക്ക് മടങ്ങിയത്. 20 വർഷത്തോളം ഭാര്യ സലീനയും മക്കളും നാസറിനോടൊപ്പം സൗദിയിലുണ്ടായിരുന്നു. മകൻ മുഹമ്മദ് നിജാദ് നിലവിൽ സൗദിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ മുഹമ്മദ് നജീഹും പ്രവാസലോകത്തുണ്ട്. മകൾ നൈസിയ നാസർ, മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിൽ രണ്ടാം വർഷ ഒക്യുപേഷനൽ തെറപ്പി വിദ്യാർഥിനിയാണ്. കലാകാരി കൂടിയാണ് നൈസിയ. റിയാദിലെ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ അഷ്റഫ് എറമ്പത്ത്, സി.ഇ.ഒ ഹസൻ അൽ ഹമദ്, ഉന്നതോദ്യോഗസ്ഥരായ സഈദ് അൽ നഹ്ദി, ഹൈദർ അൽ ഹമദ്, അക്കൗണ്ടൻറ് ആഷിഖ്, മറ്റ് അലൂബ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് നാസറിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. ആരോഗ്യപരമായ കാരണങ്ങളാലാണ് നാസർ പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്തുള്ള കാരായി എന്ന ഗ്രാമത്തിൽ പള്ളി, മദ്റസ തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായി വിശ്രമജീവിതം നയിക്കാനാണ് തീരുമാനം.

നാസർ വണ്ടൂർ നാട്ടിലേക്ക് മടങ്ങി, കമ്പനി മാനേജ്മെൻറും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി
M
MadhyamamSource Link
about 1 month ago