കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ ലോൺ ആപ് നടത്തിപ്പുകാരായ മൂന്നുപേർ പിടിയിൽ. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് നോയിഡയിൽനിന്ന് പിടികൂടിയ ഇവരെ കണ്ണൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. ലോൺ ആപ് സംബന്ധിച്ച് ഡെന്റൽ കോളജ് അധ്യാപിക നൽകിയ പരാതിയിലാണ് നടപടി. ആപ് വഴി നിതിൻരാജ് എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് റഫറൻസായി നൽകിയ അധ്യാപികയുടെ നമ്പറിലേക്ക് നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി. വിളിവന്ന ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽനിന്ന് തുടർന്നു. പ്രതികൾ വിളിച്ച എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ആക്കിയെങ്കിലും സജീവമായ ഒരുഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലുണ്ടെന്ന് മനസ്സിലാക്കിയത്. 40ഓളം ജീവനക്കാരുള്ള ഐ.ടി പാർക്കിന് സമാനമായ സ്ഥാപനത്തിലാണ് പ്രതികൾ ജോലി ചെയ്തിരുന്നത്. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ് സിംബോക്സുകൾ. ലോൺ ആപ് വഴി 15000 രൂപയാണ് നിതിൻരാജ് കൈപ്പറ്റിയത്. നിയമവിരുദ്ധമായി 36 ശതമാനം മാസപലിശയാണ് ഈടാക്കിയത്.

നിതിൻരാജിന്റെ മരണം: ലോൺ ആപ് നടത്തിപ്പുകാർ റിമാൻഡിൽ
M
MadhyamamSource Link
21 days ago