നിതീഷ് കുമാറിന്റെ മകന്‍റെയും മൈഥിലി താക്കൂറിന്‍റെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ബിഹാറിൽ യുവാവ് അറസ്റ്റിൽ

നിതീഷ് കുമാറിന്റെ മകന്‍റെയും മൈഥിലി താക്കൂറിന്‍റെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ബിഹാറിൽ യുവാവ് അറസ്റ്റിൽ

M
MadhyamamSource Link
പറ്റ്ന: ബിഹാറിലെ ഗയ ജില്ലയിൽ എ.ഐ, ഫോട്ടോ എഡിറ്റിങ് ടൂളുകൾ എന്നിവ ഉപയോഗിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ , ബി.ജെ.പി എം.എൽ.എയുമായ മൈഥിലി താക്കൂർ എന്നിവരുടെ അപകീർത്തികരമായ ചിത്രങ്ങൾ നിർമിച്ച് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫത്തേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷബ്ദൗൺ ഗ്രാമത്തിൽ താമസിക്കുന്ന 35 കാരനായ വികാസ് കുമാർ യാദവാണ് പിടിയിലായത്. ഇയാൾ കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രങ്ങൾ വൈറലായതോടെ ലഭിച്ച പരാതികളെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും ഡിജിറ്റൽ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. ശനിയാഴ്ച വൈകുന്നേരം നടത്തിയ റെയ്ഡിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റിന് ശേഷം താൻ ചെയ്ത തെറ്റ് സമ്മതിച്ചുകൊണ്ട് ഇയാൾ സോഷ്യൽ മീഡിയയിൽ ഒരു വിഡിയോയും പങ്കുവെച്ചിരുന്നു. പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ‘സോഷ്യൽ മീഡിയയിൽ അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് കർശന നടപടി സ്വീകരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത ശേഷം ജയിലിലടയ്ക്കുകയും ചെയ്തു’ ഫത്തേപ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് കുമാർ പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും എ.ഐയുടെയും ദുരുപയോഗം കുറ്റകരമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചിത്രങ്ങളോ വിഡിയോകളോ നിർമിക്കുന്നതും അവ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നതും നിയമപ്രകാരം കുറ്റകരമാണ്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇത്തരം കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ അപകീർത്തികരമോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കാതിരിക്കുക. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോർവേഡ് ചെയ്യാതെ പൊലീസിനെയോ ബന്ധപ്പെട്ട അധികാരികളെയോ വിവരം അറിയിക്കുകയെന്നും അധികൃതർ നിർദ്ദേശിച്ചു. സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സമൂഹത്തിന് ഗുണകരമാണെന്നും, എന്നാൽ അത് നിയമവിരുദ്ധമായി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിതീഷ് കുമാറിന്റെ മകന്‍റെയും മൈഥിലി താക്കൂറിന്‍റെയും മോർഫ്… | Boolokam