ചെങ്ങമനാട്: ദേശീയപാതയിൽ ദേശം കുന്നുംപുറത്ത് നിയന്ത്രണം വിട്ട സ്വകാര്യ കമ്പനിയുടെ കൊറിയർ വാൻ വൈദ്യുതി പോസ്റ്റിലിടിച്ച് കയറി ഒരാൾ മരിച്ചു. ഡ്രൈവർ അടക്കം രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരാൾക്ക് സാരമായ പരിക്കുണ്ട്. കൊയമ്പത്തൂർ മധുക്കരൈ കടായ് സ്ട്രീറ്റിൽ കൃഷ്ണപെരുമാൾ-ഗിരിജ ദമ്പതികളുടെ മകൻ രഞ്ജിത്താണ് ( 25 ) മരിച്ചത്. വാഹനത്തിനകത്തുണ്ടായിരുന്ന കൊയമ്പത്തൂർ പുളിയാകുളം സ്വദേശികളായ അബ്ദുൽ ഹക്കീം ( 25), സന്തോഷ് (26) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന സന്തോഷ് റോഡിൽ തെറിച്ച് വീണതിനാൽ കാര്യമായ പരിക്കില്ല. മധ്യഭാഗത്തിരിക്കുകയായിരുന്ന രഞ്ജിത്തിനാണ് ജീവൻ നഷ്ടപ്പെട്ടത്. ഇടത് വശത്തിരുന്ന അബ്ദുൽഹക്കീമിന് സാരമായ പരിക്കുണ്ട്. ഇയാളെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ 4.30ന് ദേശം കുന്നുംപുറം സി.എ. ആശുപത്രിക്ക് സമീപമുള്ള പെയിന്‍റിങ് വർക്ക്ഷോപ്പിന് മുന്നിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കയറിയായിരുന്നു അപകടം. കൊയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു വാഹനം. അപകടം സംഭവിച്ചയുടൻ പിന്നിൽ വന്ന യാത്രക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ച പ്രകാരം സി.എ. ആശുപത്രിയിൽ നിന്ന് ആംബുലൻസ് എത്തിയെങ്കിലും അപകടത്തിൽപ്പെട്ട യുവാക്കൾ വാഹനത്തിനകത്ത് കുടുങ്ങി കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും, യാത്രക്കാരും വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. എന്നാൽ രഞ്ജിത്തിന്‍റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. രഞ്ജിത്തും, ഹക്കീമും, സന്തോഷും ഉറ്റ സുഹൃത്തുക്കളും ഒരുമിച്ച് ജോലി ചെയ്യുന്നവരുമാണ്. ദീർഘദൂര യാത്രയിൽ പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മൂവരും പരസ്പരം മാറിയാണ് ഡ്രൈവ് ചെയ്യാറുള്ളതത്രെ. ഓട്ടത്തിനിടെ സ്റ്റിയറിങ് സ്ട്രക്കായതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. എന്നാൽ ഡ്രൈവിങ്ങിനെ ഉറങ്ങിപ്പോയതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ച രഞ്ജിത്തിന്‍റെ ഭാര്യ കൊയമ്പത്തൂർ സ്വദേശിനി നന്ദിനി. ഏക മകൻ: സർവേശ് ( മൂന്ന് വയസ്), സഹോദരി: ശ്രീക്കുട്ടി. സി.എ. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അങ്കമാലി ഗവ: താലൂക്കാശുപത്രിയിൽ വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയോടെ കൊയമ്പത്തൂരിൽ നടക്കും.

നിയന്ത്രണം വിട്ട കൊറിയർ വാൻ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്
M
MadhyamamSource Link
about 2 months ago