ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എക്സിറ്റ് പോളുകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന വിലക്കേർപ്പെടുത്തി. ഏപ്രിൽ ഒമ്പത് മുതൽ 29 വരെയാണ് ഈ നിരോധനം നിലവിലുണ്ടാകുക. ഒമ്പതിന് രാവിലെ 7 മണി മുതൽ 29 ന് വൈകുന്നേരം 6:30 വരെ എക്സിറ്റ് പോളുകൾ നടത്താനോ അവയുടെ ഫലങ്ങൾ പത്രങ്ങളിലൂടെയോ ദൃശ്യമാധ്യമങ്ങളിലൂടെയോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ലന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ അഭിപ്രായ സർവേകൾ ഉൾപ്പെടെയുള്ള ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങളും പാടില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126A പ്രകാരമാണ് ഈ നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. വിജ്ഞാപനം ചെയ്ത ഷെഡ്യൂൾ പ്രകാരം കേരളം,അസം,പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ ഒമ്പതിനും തമിഴ്‌നാട്ടിൽ ഏപ്രിൽ 23 നും പോളിംഗ് നടക്കും. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23 നും ഏപ്രിൽ 29 നും രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4-ന് നടക്കും. വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുമാണ് കമ്മീഷൻ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് 2026: എക്സിറ്റ് പോളുകൾക്ക് ഏപ്രിൽ 29 വരെ വിലക്ക്
M
MadhyamamSource Link
about 1 month ago