പത്തനംതിട്ട: സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിൽ പടയൊരുക്കവും പ്രതിഷേധവും തുടങ്ങി സ്ഥാനാർഥി മോഹികൾ. അടൂരിൽ കോന്നി സ്വദേശി സി.വി. ശാന്തകുമാറിന്‍റെ പേര് വന്നതോടെ പ്രതിഷേധിച്ച് മുൻ അടൂർ നഗരസഭ ചെയർമാൻ ബാബു ദിവാകരൻ ഡി.സി.സി ഭാരവാഹിത്വം രാജിവെച്ചു. ആറൻമുളയിൽ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെ പരിഗണിക്കുമെന്നായതോടെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് വിജയ് ഇന്ദുചൂഡൻ സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് ഡൽഹിയിൽ കെ.സി. വേണുഗോപാലിനെ കാണാൻ പോയി. അബിൻ വർക്കിക്കെതിരെ കഴിഞ്ഞയാഴ്ച തന്നെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പഴകുളം മധു സ്ഥാനാർഥിയാകുന്ന റാന്നിയിലും നിരവധി പേർ ഭീഷണിയുമായി രംഗപ്രവേശം ചെയ്തു കഴിഞ്ഞു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, റെജി താഴമൺ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. കോന്നിയിൽ അടൂർ പ്രകാശ് എം.പിയെ പരിഗണിക്കാൻ സാധ്യതയില്ലെന്നറിയുന്നു. എന്നാൽ, അടൂർ പ്രകാശ് മത്സരരംഗത്തുണ്ടെന്ന സൂചന നൽകി പേഴ്സനൽ സ്റ്റാഫിലൊരാൾതന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇവിടെയും നിരവധി പേർ മത്സരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. തിരുവല്ലയിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനാണ് സീറ്റ്. ഇവിടെ യു.ഡി.എഫ് ജില്ല ചെയർമാൻ കൂടിയായ വർഗീസ് മാമനാണ് സാധ്യത. എന്നാൽ ഇവിടെയും എതിർപ്പുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ട യു.ഡി.എഫിൽ സ്ഥാനാർഥി മോഹികളുടെ പടയൊരുക്കം
M
MadhyamamSource Link
about 2 months ago