നിയമസഭ തെരഞ്ഞെടുപ്പ്; വീണ്ടും പോർമുഖം തുറന്ന് നിലമ്പൂർ

നിയമസഭ തെരഞ്ഞെടുപ്പ്; വീണ്ടും പോർമുഖം തുറന്ന് നിലമ്പൂർ

M
MadhyamamSource Link
നിലമ്പൂർ: വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിന്റെ ആവേശം കെട്ടടങ്ങും മുമ്പ് നിലമ്പൂർ മണ്ഡലം നിയമസഭ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ്. പി.വി അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെ കളമൊരുങ്ങിയ ഉപതെരഞ്ഞെടുപ്പിൽ, സി.പി.എമ്മിലെ എം. സ്വരാജിനെ 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് മലർത്തിയടിച്ച് ആര്യാടൻ ഷൗക്കത്തിലൂടെ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു. സ്വതന്ത്രനായി മത്സരിച്ച പി.വി അൻവർ 19760 വോട്ടുകൾ നേടി കരുത്ത് തെളിയിച്ചു. പ്രചാരണത്തിന് പരിമിത ദിവസങ്ങൾ മാത്രമേയുള്ളു എന്നതിനാൽ മുന്നണികൾ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള തത്രപ്പാടിലാണ്. മുൻ ഇന്ത‍്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ യു. ഷറഫലി (എൽ.ഡി.എഫ്), സിറ്റിംഗ് എം.എൽ.എ ആര‍്യാടൻ ഷൗക്കത്ത് (യു.ഡി.എഫ്), ബി.ഡി.ജെ.എസ് സംസ്ഥാന സമിതി അംഗം ഗിരീഷ് മേക്കാട് (എൻ.ഡി.എ) എന്നിവരാണ് സ്ഥാനാർഥികൾ. ഉപതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച അപ്രമാദിത്വത്തിന്റെയും ആത്മവിശ്വസത്തിലാണ് യു.ഡി.എഫ്. എന്നാൽ, ഉപതെരഞ്ഞെടുപ്പിന്‍റെ സാഹചര‍്യമല്ല മണ്ഡലത്തിൽ ഇപ്പോഴുള്ളതെന്നും സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങൾ അനുകൂലമാകുമെന്നും ഇടതുകേന്ദ്രങ്ങൾ പറയുന്നു. ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന് കിട്ടിയ വോട്ടുകളിൽ ഭൂരിഭാഗവും കോൺഗ്രസ് വിരുദ്ധ വോട്ടുകളാണെന്നും ഇത് നല്ലൊരു പങ്ക് ഇടതുപെട്ടിയിൽ വീഴുമെന്നും എൽ.ഡി.എഫ് കണക്ക് കൂട്ടുന്നു. എൻ.ഡി.എ സ്ഥാനാർഥി ഗിരീഷ് മേക്കാട് എസ്.എൻ.ഡി.പി നിലമ്പൂർ താലൂക്ക് യൂനിയൻ സെക്രട്ടറി കൂടിയായതിനാൽ എസ്.എൻ.ഡി.പി വോട്ടുകളിൽ എൻ.ഡി.എക്ക് കണ്ണുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ഗിരീഷ് മേക്കാട് ഇവിടെ 12,200 വോട്ടുകൾ നേടിയിരുന്നു. സി.പി.എമ്മിന് 65,000 ൽ അധികം വോട്ടുകളുള്ള മണ്ഡലമാണ്. സ്വന്തം വോട്ട് ഉറപ്പിക്കുകയും നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കാനുമായാൽ ജയിച്ചു കയറാനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. 200 ദിവസം കൊണ്ട് മണ്ഡലത്തിൽ 200 കോടിയുടെ വികസനം കൊണ്ടുവന്നുവെന്നാണ് എം.എൽ.എ ആര‍്യാടൻ ഷൗക്കത്തിന്‍റെ അവകാശവാദം. ഏഴ് പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂർ മണ്ഡലം. തദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏല്ലാ തദ്ദേശ സ്ഥാപനങ്ങളും യു.ഡി.എഫിനൊപ്പമാണ് നിലയുറപ്പിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയമസഭ തെരഞ്ഞെടുപ്പ്; വീണ്ടും പോർമുഖം തുറന്ന് നിലമ്പൂർ — Ma… | Boolokam