നിയമസഭ തെരെഞ്ഞെടുപ്പ്; തിരക്കിട്ട നീക്കങ്ങളിൽ കോൺഗ്രസ്

നിയമസഭ തെരെഞ്ഞെടുപ്പ്; തിരക്കിട്ട നീക്കങ്ങളിൽ കോൺഗ്രസ്

M
MadhyamamSource Link
തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ നീക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്. തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ആദ്യഘട്ടമെന്ന നിലയിൽ 40 മുതൽ 50 വരെ സീറ്റുകളിലെ പട്ടിക പ്രഖ്യാപിക്കും. സിറ്റിങ് സീറ്റുകളും സംവരണ സീറ്റുകളും ഉൾപ്പെടെയാണിത്. യോഗത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ തിങ്കളാഴ്ച ഡൽഹിയിലെത്തും. ഇത്തവണ 90 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളിൽ ബുധനാഴ്ചക്കുള്ളിൽ പ്രഖ്യാപനം നടത്താനാണ് തീരുമാനം. അതുവരെ നേതാക്കൾ ഡൽഹിയിൽ തുടരും. തെക്കൻ ജില്ലകളിലെ സ്ഥാനാർഥി പട്ടികയിലാണ് അനിശ്ചിതത്വം. കണ്ണൂരിൽ കെ. സുധാകരൻ ഉയർത്തിയ വെല്ലുവിളികളടക്കം അനുനയത്തോടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സമാന്തരമായി തന്നെ മുസ്ലിം ലീഗുമായും ജോസഫ് വിഭാഗവുമായുളള ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. തിരുവമ്പാടി സീറ്റ് വെച്ചുമാറേണ്ടെന്നാണ് ഒടുവിലെ ധാരണ. തിരുവമ്പാടിയിൽ ലീഗ് തന്നെ മത്സരിക്കും. ലീഗ് നേതൃയോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ശേഷം ചൊവ്വാഴ്ച ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. സീറ്റിന്‍റെ കാര്യത്തിൽ നേരത്തെ തന്നെ ലീഗുമായി ധാരണയിലെത്തിയിരുന്നു. ജോസഫ് വിഭാഗവുമായി തർക്കത്തിലുള്ള ഇടുക്കി, ഏറ്റുമാനൂർ സീറ്റുകളുടെ കാര്യത്തിൽ കടുത്ത സമ്മർദമാണ് കോൺഗ്രസ് തുടരുന്നത്. തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ ധാരണയിലെത്തുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പോടെ ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിക്ക് തുടക്കമിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ സര്‍ക്കാറിനെതിരായ ജനങ്ങളുടെ അതിശക്തമായ പ്രതികരണവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷയുമായും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പൂര്‍ണമായ പ്രതീക്ഷയോടും നിറഞ്ഞ ആത്മവിശ്വാസത്തോടും കൂടിയാണ് ടീം യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എം.എല്‍.എമാര്‍ പോപ്പുലര്‍ ആണെന്ന നറേറ്റീവ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എം.എല്‍.എമാര്‍ പോപ്പുലറായിട്ട് കാര്യമില്ല. രാഷ്ട്രീയ സാഹചര്യമാണ് വിജയം നിര്‍ണയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയമസഭ തെരെഞ്ഞെടുപ്പ്; തിരക്കിട്ട നീക്കങ്ങളിൽ കോൺഗ്രസ് — Ma… | Boolokam