ദോഹ: 2025 വർഷത്തെ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ). നികുതിദായകരെ സഹായിക്കുന്നതിനും നികുതി നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു. നേരത്തെ ഏപ്രിൽ 30 വരെയായിരുന്നു സമയമനുവദിച്ചിരുന്നത്. വാണിജ്യ രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അല്ലെങ്കിൽ ഹോം ലൈസൻസ് ഉള്ള എല്ലാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ കമ്പനികളും പിഴ ഒഴിവാക്കുന്നതിന് ധരീബ ടാക്സ് പോർട്ടൽ വഴി നിർദിഷ്ട കാലയളവിനുള്ളിൽ നികുതി റിട്ടേണുകൾ സമർപ്പിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അതേസമയം, പെട്രോളിയം, പെട്രോകെമിക്കൽ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഈ ഇളവ് ബാധകമല്ല. ഇവർ ഏപ്രിൽ 30നകം തന്നെ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്ത പക്ഷം പിഴ അടയ്ക്കേണ്ടി വരും. അതിനാൽ, നിയമനടപടികൾ ഒഴിവാക്കാനും ബിസിനസ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാനും നികുതിദായകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അതോറിറ്റി ഓർമിപ്പിച്ചു.

നികുതി റിട്ടേൺ ജൂൺ 30 വരെ സമർപ്പിക്കാം
M
MadhyamamSource Link
17 days ago