നീതി കാണിക്കുന്നില്ല, ഇനി മത്സരം കാണാനെത്തില്ല; ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് മഞ്ഞപ്പട

നീതി കാണിക്കുന്നില്ല, ഇനി മത്സരം കാണാനെത്തില്ല; ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് മഞ്ഞപ്പട

M
MadhyamamSource Link
കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനം തുടരുന്നതിനിടെ കടുത്ത തീരുമാനവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമിന്‍റെ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ കാണാനെത്തില്ലെന്നും മഞ്ഞപ്പട അറിയിച്ചു. ക്ലബ് മാനേജ്മെന്റിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനം. തുടർ പരാജയങ്ങളുടെ ഉത്തരവാദിത്വം മാനേജ്മെന്റ് ഏറ്റെടുക്കണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നൽകുന്ന വലിയ പിന്തുണയോട് നീതി കാട്ടുന്ന പ്രകടനം നടത്താൻ ടീമിന് സാധിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ആരാധകരെ ടീമിൽ നിന്ന് അകറ്റുന്ന നടപടികളാണ് ടീം മാനേജ്മെന്റ് സ്വീകരിക്കുന്നത്. ആരാധകർ അർഹിക്കുന്ന മാറ്റത്തിനായി മത്സരങ്ങൾ ബഹിഷ്കരിക്കുകയാണെന്നും മഞ്ഞപ്പട സമൂഹ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. ബഹിഷ്കരണത്തിന്റെ ഭാഗമായി ബാനറുകളും കൊടികളും സ്റ്റേഡിയത്തിൽ നിന്ന് നീക്കം ചെയ്യും. വാഗ്ദാനങ്ങൾ കൊണ്ട് ഇനി തിരിച്ചു വരില്ല എന്നും മഞ്ഞപ്പട മുന്നറിയിപ്പ് നൽകി. സീസണിൽ‌ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കിയിരുന്നു. സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പിന്നിടുമ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം അതീവ നിരാശാജനകമാണ്. ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി അഞ്ചു മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു. ആറു മത്സരങ്ങളിൽ നിന്നായി വെറും ഒരു പോയന്റ് മാത്രമാണ് ടീമിന്‍റെ സമ്പാദ്യം. 14 ടീമുകളുള്ള ടൂർണമെന്‍റിന്‍റെ പോയന്റ് ടേബിളിൽ 13ാം സ്ഥാനത്താണ് ടീം. 14 -ാമതുള്ള മുഹമ്മദൻസ് എഫ്.സി ബ്ലാസ്റ്റേഴ്സിനേക്കാൾ രണ്ട് മത്സരം കുറവാണ് കളിച്ചത്. ഇത്തവണ ഐ.എസ്.എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ.എസ്.എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത. പുതിയ പരിശീലകനായി ഇംഗ്ലീഷുകാരൻ ആഷ്‌ലി വെസ്റ്റ്‌‌‌വുഡിനെ നിയമിച്ചിരുന്നു. സീസൺ അവസാനം വരെയാണ് നിയമനം. അവസാന മത്സരത്തിൽ പഞ്ചാബ് എഫ്‌.സിയോട് സ്വന്തം തട്ടകത്തിൽ വഴങ്ങിയ കനത്ത തോൽവിയാണ് കറ്റാലയുടെ പുറത്തുപോക്കിലേക്ക് കാര്യങ്ങളെത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽത്തന്നെ മഞ്ഞപ്പട ആരാധകരുടെ പിന്തുണ കുറവായിരുന്നു. ഒഴിഞ്ഞ സ്റ്റേ‍ഡിയമാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പിന്തുണ അറിയിച്ച് മഞ്ഞപ്പട സ്ഥാപിച്ചിരുന്ന ബാനറുകളെല്ലാം സ്റ്റേഡിയത്തിൽ നിന്ന് മാറ്റുന്നതും കാണാമായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നീതി കാണിക്കുന്നില്ല, ഇനി മത്സരം കാണാനെത്തില്ല; ബ്ലാസ്റ്റേഴ… | Boolokam