തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) രാജ്യത്തിനകത്തും പുറത്തുമായുള്ള കേന്ദ്രങ്ങളിൽ പൂർത്തിയായി. ജൂൺ മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കും. 22.79 ലക്ഷം പേർ രജിസ്റ്റർ ചെയ്ത പരീക്ഷക്ക് കേരളത്തിൽനിന്ന് 1.3 ലക്ഷത്തോളം പേരാണ് അപേക്ഷിച്ചത്. പരീക്ഷ താരതമ്യേന എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. 2025ലേത് പോലെ കടുപ്പം പ്രതീക്ഷിച്ച് ഇത്തവണയെത്തിയ വിദ്യാർഥികളെ ചോദ്യപേപ്പർ കൂടുതൽ കുഴപ്പിച്ചില്ല. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ മാത്രമാണ് ചുരുക്കം ചോദ്യങ്ങൾ കുഴപ്പിച്ചത്. ദൈർഘ്യം കൂടിയ ചില ചോദ്യങ്ങൾ മാറ്റിനിർത്തിയാൽ ബയോളജി താരതമ്യേന എളുപ്പമായിരുന്നു. ഫിസിക്കൽ കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു കെമിസ്ട്രിയിൽ പല കുട്ടികൾക്കും ബുദ്ധിമുട്ടായി തോന്നിയത്. എൻ.സി.ഇ.ആർ.ടി സിലബസിനകത്ത് നിന്നുള്ള ചോദ്യങ്ങൾ മാത്രമായതും പരീക്ഷ പൊതുവെ എളുപ്പമാക്കി. കർശന പരിശോധനകളോടെയും സുരക്ഷയിലുമായിരുന്നു പരീക്ഷ നടത്തിപ്പ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലീസ് ഇടപെട്ട് നേരത്തേതന്നെ ക്രമീകരണം ഒരുക്കിയിരുന്നു. നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനിക്ക് ബൈക്കിൽനിന്ന് വീണ് പരിക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിന്റെ വിഷമത്തിൽ കുഴഞ്ഞുവീണു ആലപ്പുഴ: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനിക്ക് ബൈക്കിൽനിന്ന് വീണ് പരിക്കേറ്റു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെ, പരീക്ഷ എഴുതാൻ കഴിയാത്തതിന്റെ വിഷമത്തിൽ കുഴഞ്ഞുവീണ വിദ്യാർഥിനിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കടവത്തുശേരി വീട്ടിൽ മുഹമ്മദ് അലിയുടെ മകൾ അമീന മുഹമ്മദലിക്കാണ് (19) പരീക്ഷ എഴുതാൻ കഴിയാതെ വന്നത്. ഞായറാഴ്ച പകൽ 12.45 ഓടെ ആലപ്പുഴ എസ്.ഡി.വി ഗേള്‍സ് സ്കൂളിന് മുന്നിലായിരുന്നു അപകടം. പിതാവ് മുഹമ്മദലിക്കൊപ്പം ബൈക്കിൽ പരീക്ഷ സെന്ററിന് മുന്നിലെത്തിയപ്പോൾ അമീന വീഴുകയായിരുന്നു. കൈക്ക് പരിക്കേറ്റ അമീനയെ ബന്ധു സുനീർ ഇസ്മയിലും മുഹമ്മദലിയും ചേർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ഹാൾ ടിക്കറ്റും ചികിത്സ രേഖകളുമായി പരീക്ഷ കൺട്രോളറെ വിവരമറിയിക്കാൻ സുനീർ ഇസ്മയിൽ എത്തിയെങ്കിലും ഗേറ്റ് അടച്ചിരുന്നു. പൊലീസ് മുഖേന വിവരം കൺട്രോളറെ അറിയിച്ചെങ്കിലും പരീക്ഷ എഴുതാൻ അനുവദിച്ചില്ല. ഇതറിഞ്ഞതോടെയാണ് അമീന കുഴഞ്ഞുവീണത്. ജനറൽ ആശുപത്രിയിൽ കുട്ടിയെ സി.ടി സ്കാനിങ്ങിന് വിധേയമാക്കിയെങ്കിലും പരിശോധനഫലം വൈകിയതിനാൽ മതിയായ ചികിത്സ നൽകാൻ സാധിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

നീറ്റ് യു.ജി പൂർത്തിയായി; കുഴപ്പിക്കാതെ ചോദ്യങ്ങൾ
M
MadhyamamSource Link
about 6 hours ago
