റിയാദ്: സൗദി അറേബ്യയിലെ നീതിന്യായ മേഖലയിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമായി പബ്ലിക് പ്രോസിക്യൂഷനും നീതിന്യായ മന്ത്രാലയവും തമ്മിൽ സുപ്രധാനമായ സഹകരണ ധാരണപത്രത്തിൽ ഒപ്പുവെച്ചു. പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അറ്റോണി ജനറലും കൗൺസിൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ ചെയർമാനുമായ ശൈഖ് ഖാലിദ് അൽ യൂസഫ്, നീതിന്യായ മന്ത്രി ശൈഖ് വാലിദ് അൽ സമാനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ബിസിനസ് നടപടിക്രമങ്ങൾ വികസിപ്പിക്കുക, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഈ ധാരണപത്രത്തിെൻറ പ്രധാന ലക്ഷ്യങ്ങൾ. പരിശീലനം, ഗവേഷണം, വികസനം, നവീന ആശയങ്ങൾ എന്നീ മേഖലകളിൽ സംയുക്തമായി സഹകരിക്കാനും പൊതുവായ താൽപര്യമുള്ള വിഷയങ്ങളിൽ വൈദഗ്ധ്യവും അറിവും കൈമാറാനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നു. ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, ഇരു വിഭാഗങ്ങളിലെയും മറ്റ് നിയമ ഉദ്യോഗസ്ഥർ എന്നിവരുടെ പ്രഫഷനൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രോണിക് ലിങ്കിങ്ങിലൂടെ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കും. പബ്ലിക് പ്രോസിക്യൂഷനും നീതിന്യായ മന്ത്രാലയവും തമ്മിലുള്ള സ്ഥാപനപരമായ ഏകീകരണത്തിെൻറ തുടർച്ചയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ ആധുനികവത്കരിക്കുന്നതിലൂടെ സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ പങ്കാളിത്തം വലിയ പിന്തുണ നൽകും.

നീതിനിർവഹണ രംഗത്ത് സഹകരണം ശക്തമാക്കുന്നു; പബ്ലിക് പ്രോസിക്യൂഷനും നീതിന്യായ മന്ത്രാലയവും കൈകോർക്കുന്നു
M
MadhyamamSource Link
about 1 month ago