പാലക്കാട്: രമേശ് ചെന്നിത്തലയുടെ സി.പി.എം-എസ്.ഡി.പി.ഐ ഡീൽ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നുണ പറഞ്ഞിട്ട് എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ ചെന്നിത്തല ഉൾപ്പെടെയുള്ളവര്‍ ശ്രമിക്കുകയാണ്. ഇത്തരം ഡീൽ പ്രചാരണങ്ങള്‍ ജനം തള്ളിക്കളയും. പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മികച്ച സ്വീകാര്യതയാണുള്ളതെന്നും എൽ.ഡി.എഫ് പാലക്കാട് മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സോഫ്റ്റ്‍വെയർ പദ്ധതിയില്‍ 700 കോടിയുടെ അഴിമതി നടന്നെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. പദ്ധതിയുടെ ഘട്ടങ്ങളെല്ലാം സുതാര്യമാണെന്നും മറ്റു കമ്പനികളെ ഒഴിവാക്കിയെന്നതടക്കമുള്ള ആരോപണങ്ങളെല്ലാം പൂർണമായി തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 4415 സഹകരണ സ്ഥാപനങ്ങളില്‍ പൊതു സോഫ്റ്റ്‍വെയർ നടപ്പാക്കുന്നതിനായി 2021ലെ ടെന്‍ഡര്‍ പ്രകാരം 206 കോടി രൂപക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസസിന് ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് നല്‍കിയിരുന്നെങ്കിലും 2024 ഒക്ടോബറില്‍ അവര്‍ ഏകപക്ഷീയമായി പിന്മാറി. തുടര്‍ന്ന് 2025 മാര്‍ച്ചില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു. ഹൈലെവല്‍ കമ്മിറ്റിയുടെ വിശദമായ പരിശോധനയും നിയമവകുപ്പിന്‍റെ അനുമതിയും ലഭിച്ചതിന് ശേഷം ടെക്നിക്കല്‍, ഫിനാന്‍ഷ്യല്‍ ബിഡുകള്‍ വിലയിരുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഹൈകോടതിയും ടെന്‍ഡര്‍ നടപടികള്‍ തുടരാനും വിജയിച്ച ബിഡ്ഡര്‍ക്ക് അവാര്‍ഡ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. മറ്റു കമ്പനികളെ ഒഴിവാക്കിയെന്ന ആരോപണവും തെറ്റാണ്. ഏകദേശം 45 കമ്പനികള്‍ക്ക് കണ്‍സോര്‍ഷ്യം രൂപത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. സാങ്കേതിക വിലയിരുത്തലില്‍ യോഗ്യമായ കമ്പനിക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയും അത് ഹൈകോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം സുതാര്യമാണെന്നും ആരോപണം വസ്തുതകളില്ലാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംശുദ്ധരായ സ്വതന്ത്രരെ എല്‍.ഡി.എഫ് പരീക്ഷിക്കാറുണ്ടെന്നും മലപ്പുറത്തെ ഇത്തരം പരീക്ഷണങ്ങള്‍ ജനം സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. മങ്കട ഇത്തവണ ജയിക്കും, നല്ല സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തി എൽ.ഡി.എഫിനെ കുരുക്കിയിടാനാണ് ശ്രമം. അത് ജനങ്ങൾ വിശ്വസിക്കില്ല. കേരളത്തിൽ 10 വർഷത്തെ ഭരണം വിലയിരുത്തുന്ന ഘട്ടമാണിത്. എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കാർഷിക മേഖല തകർച്ചയെ നേരിടുകയായിരുന്നു. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിന്‍റെ കാർഷിക മേഖല ചരിത്രപരമായ മുന്നേറ്റം ഉണ്ടാക്കി. ദേശീയ വളർച്ചയെക്കാൾ ഇരട്ടി കേരളത്തിലെ കാർഷിക മേഖല വളർന്നെന്നും പിണറായി കൂട്ടിച്ചേർത്തു.

നുണപറയുന്നതിൽ കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നു; സി.പി.എം-എസ്.ഡി.പി.ഐ ഡീൽ ആരോപണം തള്ളി മുഖ്യമന്ത്രി
M
MadhyamamSource Link
about 1 month ago