തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന നേമത്തെ പോരിൽ അടിയും തടയുമായി കത്തിക്കയറുകയാണ് പ്രചാരണം. മണ്ഡലം നിലനിർത്താൻ സകല അടവും പയറ്റുന്ന ഇടതുമുന്നണിക്കും 2016ലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കളത്തിലുള്ള ബി.ജെ.പിക്കും മണ്ഡലം പിടിച്ചെടുക്കാൻ കനത്ത പോര് കാഴ്ചവെക്കുന്ന യു.ഡി.എഫിനും ഇക്കുറി ജീവൻമരണ പോരാട്ടമാണ്. അതിന്റെ സൂചനകൾ ഇതിനകം പ്രകടമാവുകയും ചെയ്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദ വെല്ലുവിളികൾക്ക് മുൻപേ പരസ്യ സംവാദത്തിന് പോർവിളി ഉയർന്നത് നേമത്തായിരുന്നു. അതുപക്ഷേ നടക്കാതെ പോയി. പിന്നാലെ എസ്.ഡി.പി.ഐ സഹകരണത്തിന്റെ പേരിൽ സി.പി.എമ്മിനെ കേന്ദ്രീകരിച്ചും നേമത്ത് പൊടിപാറിയ ചർച്ചകൾ. ഏറ്റവുമൊടുവിൽ ബുധനാഴ്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ. ഫലത്തിൽ ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ വിട്ടുകൊടുക്കാതെ കൊണ്ടും കൊടുത്തും നേമം പിടിക്കാനായുള്ള പോര് പാരമ്യത്തിലാണ്. പൊങ്കാല ഉത്സവം നടക്കുന്ന കരമന ഏകാംബേശ്വര കാമാക്ഷി ക്ഷേത്രത്തിൽ എത്തിയ നേമം നിയമസഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വോട്ടഭ്യർഥിക്കുന്നു ഒരു ഭാഗത്ത് ബി.ജെ.പി ശക്തമായ സാന്നിധ്യമായതിനാൽ ആരു മത്സരിച്ചാലും ‘ഡീൽ’ ആരോപണങ്ങളുടെ പഴി കേൾക്കേണ്ടിവരുന്നുവെന്നതാണ് മണ്ഡലത്തിന്റെ പ്രത്യേകത. 2016ൽ ദുർബല സ്ഥാനാർഥിയെ നിർത്തി ബി.ജെ.പിയെ സഹായിച്ചുവെന്നതായിരുന്നു യു.ഡി.എഫിനെതിരെയുള്ള ഇടത് ആരോപണമെങ്കിൽ ശക്തമായ സ്ഥാനാർഥിയെത്തി മത്സരം കടുത്ത ഇക്കുറി, കോൺഗ്രസ് മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം. സംസ്ഥാന രാഷ്ട്രീയം തെരഞ്ഞെടുപ്പിലേക്ക് ചുവട് മാറും മുൻപേ, സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ശേഖർ നേമത്ത് ചുവടുറപ്പിച്ചത്. ബി.ജെ.പിയുടെ സംഘടന സംവിധാനം മുഴുവൻ നേമത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതേ സമയം ഒ. രാജഗോപാലിനെയും കുമ്മനം രാജശേഖരനെയും പോലെ പ്രവർത്തകരുമായുള്ള വൈകാരിക ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ ബി.ജെ.പിക്ക് മേൽക്കൈ നൽകിയ മണ്ഡലം നിയമസഭ തെരഞ്ഞെടുപ്പിൽ ആരെ തുണക്കുമെന്നതിലാണ് ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമുള്ളത്. ഒപ്പം ബി.ജെ.പിക്കുള്ളിലെ പുത്തൻ ഗ്രൂപ് സമവാക്യങ്ങളുടെ പ്രതിഫലനങ്ങളും വിജയത്തെ നിശ്ചയിക്കുന്ന നിർണായക മാനദണ്ഡം. നേമത്തും വട്ടിയൂർക്കാവിലും പ്രകടമാകുന്ന സംഘടന സജീവത അത്രത്തോളം കഴക്കൂട്ടത്ത് പ്രചാരണത്തിൽ പ്രകടമല്ലെന്ന ഒറ്റപ്പെട്ട വിമർശനങ്ങളും ഇതിനോട് ചേർത്തുകാണണം. മണ്ഡലം നിലനിർത്താൻ ഇടതുമുന്നണി നിയോഗിച്ചത് വി. ശിവൻകുട്ടിയെയാണ്. വികസനത്തുടർച്ചയും മണ്ഡലത്തിലെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനവുമാണ് ഇടത് മുന്നണിയുടെ കരുത്ത്. മന്ത്രിയെന്ന നിലയിലെ വിപുലമായ ബന്ധങ്ങളും തുണയാകുമെന്നാണ് ഇടതു ക്യാമ്പിന്റെ പ്രതീക്ഷ. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ് നിയോഗിച്ച കെ. മുരളീധരന് കഴിഞ്ഞിരുന്നില്ല. എന്നാൽ, ബി.ജെ.പിയിലെ കുമ്മനം രാജശേഖരന്റെ വിജയത്തിന് തടയിട്ടതും വി.ശിവൻകുട്ടിയുടെ വിജയത്തിന് വഴിയൊരുക്കിയതും കെ. മുരളീധരൻ പിടിച്ച 36,524 വോട്ടുകളാണെന്നത് വസ്തുതയാണ്. ഇക്കുറിയും കെ.എസ്.ശബരീനാഥന്റെ കരുത്തനായ സ്ഥാനാർഥിയുടെ മികവിൽ വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.

നേമത്ത് തീപാറുന്നു... ത്രില്ലർ മൂഡിൽ മുന്നണികൾ
M
MadhyamamSource Link
about 1 month ago