ചെന്നൈ: നോട്ട് നിരോധനം രാജ്യത്തെ സാധാരണക്കാരിലുണ്ടാക്കിയ ആഘാതങ്ങളെയും ആ കാലഘട്ടത്തിലെ ദുരിതപൂർണമായ ഓർമ്മകളെയും പോലും പ്രൊപ്പഗണ്ട സിനിമകൾ വഴി മാറ്റിയെഴുതാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണെന്ന് പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരൻ. ചെന്നൈയിൽ ‘നീലിര’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘നീലിര’ എന്ന ചിത്രം താൻ ഇതിനോടകം രണ്ടുതവണ കണ്ടിട്ടുണ്ടെന്നും സെൻസർഷിപ്പ് വഴി സിനിമയുടെ പ്രധാന ആശയങ്ങൾ പലതും വെട്ടിമാറ്റപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. സമീപകാലത്ത് വൻ വിജയമായ ചില പ്രൊപ്പഗണ്ട സിനിമകളെ പരോക്ഷമായി വിമർശിച്ച അദ്ദേഹം, വെറുപ്പിനെ ന്യായീകരിക്കാനോ ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ ആശയം പ്രചരിപ്പിക്കാനോ അല്ല സിനിമകൾ നിർമ്മിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു. നോട്ട് നിരോധന കാലത്ത് ആരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയതെന്ന് നമുക്കറിയാം. ക്യൂവിൽ നിന്ന് എത്രയോ പേർ മരിച്ചത് നാം കണ്ടതാണ്. എന്നാൽ ഇന്ന് അത്തരം സിനിമകളിലൂടെ ആ ഇംപാക്ടിനെ വളരെ എളുപ്പത്തിൽ മാറ്റിയെഴുതുകയാണ്. ഇത്തരം ‘ഹേറ്റ് പ്രൊപ്പഗാണ്ട’കൾക്ക് മനുഷ്യന്റെ ഓർമ്മകളെ സ്വാധീനിക്കാനുള്ള വലിയ ശക്തിയുണ്ട്. ഇതിനെതിരെ നമുക്ക് ചെയ്യാവുന്നത് നല്ല സിനിമകൾ നിർമ്മിക്കുകയും അത് ജനങ്ങളിലേക്ക് എത്തിക്കുകയുമാണെന്നും വെട്രിമാരൻ പറഞ്ഞു. ആയിരം കോടി ക്ലബിൽ കയറാനായി വെറുപ്പിനെയും വയലൻസിനെയും മുൻനിർത്തി സിനിമകൾ നിർമ്മിക്കുന്ന പ്രവണതയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വെട്രിമാരന്റെ പ്രസംഗം വൈറലായതോടെ സൈബർ ഇടങ്ങളിൽ അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും സജീവമായിട്ടുണ്ട്. മുൻപ് വിടുതലൈ, അസുരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ജാതി വ്യവസ്ഥയ്ക്കെതിരെ വെട്രിമാരൻ സ്വീകരിച്ച നിലപാടുകൾ നേരത്തെയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

നോട്ട് നിരോധനത്തിന്റെ മുറിവുകളെ പോലും ‘പ്രൊപ്പഗണ്ട’ സിനിമകൾ മായ്ക്കുന്നു -വെട്രിമാരൻ
M
MadhyamamSource Link
about 1 month ago