കോട്ടയം: ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളെ ഏഴു വർഷം കഠിനതടവിനും 50,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി വടക്കേ മുറി ഇരുമ്പുഴിക്കരകരയിൽ ഓണാട്ടുതറയിൽ ഷമീർ (45), സഹോദരനും രണ്ടാം പ്രതിയുമായ സിനാജ് (44), ഇവരുടെ പിതാവും മൂന്നാം പ്രതിയുമായ അബ്ദുൽ അസീസ് (64), അഞ്ചാംപ്രതി വടക്കേമുറി പടിഞ്ഞാറെ മുറി കരയിൽ പള്ളത്ത് സുധീർ (സുബി-47), ആറാം പ്രതി വടക്കേമുറി ഇരുമ്പുഴിക്കര ഇന്നാം തുരുത്തിൽ ഷാജി (54) എന്നിവരെയാണ് ജില്ല അഡീഷനൽ സെഷൻസ് കോടതി (നാല്) ജഡ്ജി വി. സതീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുകയിൽനിന്ന് രണ്ടുലക്ഷം രൂപ നോയലിന്റെ കുടുംബത്തിനും 50,000 രൂപ നോബിളിനും നൽകണം. മറ്റ് പ്രതികളായ മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ വെറുതെ വിട്ടു. വിചാരണ വേളയിൽ കൂറുമാറിയ നാല് സാക്ഷികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 193 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനും ഉത്തരവായി. 2012 മാർച്ച് 16ന് രാവിലെ 10.20ന് വൈക്കത്തെ ജ്യോതി ഓയിൽ സ്റ്റോഴ്സ് എന്ന പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ പ്രിയദർശിനി ബസുമായി എത്തിയ ഡ്രൈവർ നോബിളിനെ മൂന്നാം പ്രതി അസീസ് ബസ് ബൈക്കിൽ തട്ടി എന്നു പറഞ്ഞ് മർദ്ദിച്ചു. തുടർന്ന് അസീസ് തന്റെ മക്കളെയും ബന്ധുക്കളെയും കൂട്ടി എത്തി എറണാകുളത്തേക്ക് പോകുന്ന ബസ് വഴി തടഞ്ഞ് നോബിളിനെ മർദിച്ചു. പരിക്കേറ്റ ഇയാളെ വൈക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ അവിടെയുമെത്തി. നോബിളിനെയും കൂടെ ഉണ്ടായിരുന്ന സഹോദരൻ നോയലിനെയും ആശുപത്രി കോമ്പൗണ്ടിലിട്ട് മർദ്ദിച്ചു. പ്രാണരക്ഷാർഥം ഓട്ടോയിൽ രക്ഷപെട്ട് മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചപ്പോൾ പ്രതികൾ മാരകായുധങ്ങളുമായി പിന്തുടർന്നെത്തി. രക്ഷപ്പെടാൻ നോബിളും നോയലും മുറിഞ്ഞപുഴയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കല്ലെറിഞ്ഞും വടിവാൾ ഓങ്ങി ഭയപ്പെടുത്തിയും കരയിലേക്കടുക്കാൻ അനുവദിച്ചില്ല. നീന്തി കുഴഞ്ഞ നോയൽ വെള്ളത്തിൽ താഴ്ന്ന് മരിക്കുകയായിരുന്നു. വൈക്കം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.എസ്. ബേബിയാണ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 49 സാക്ഷികളെയും 72 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. വിനോദ്ജി, ഗിരിജ ബിജു എന്നിവർ ഹാജരായി.

നോയൽ കൊലക്കേസ്: അഞ്ച് പ്രതികൾക്ക് ഏഴു വർഷം കഠിന തടവും പിഴയും
M
MadhyamamSource Link
about 2 months ago