ന്യൂഡൽഹി: ന്യൂയോർക്കിൽനിന്ന് ആഗ്രയിലെ താജ്മഹലിലേക്ക് വൺഡേ ട്രിപ്പ് നടത്തിയ ഇൻഫ്ലുവൻസറുടെ വിഡിയോ വൈറലാകുന്നു. 24 മണിക്കൂറിനുള്ളിലാണ് യുവാവ് ന്യൂയോർക്കിൽനിന്ന് ഇന്ത്യയിലെത്തി താജ്മഹൽ കണ്ടശേഷം തിരിച്ച് യു.എസിലേക്ക് മടങ്ങിയത്. യു.എസ് സ്വദേശിയായ കെവിൻ ഡ്രോണിയാക് ആണ് വൈറൽ വിഡിയോക്ക് പിന്നിൽ. മാർച്ച് 21ന് ന്യൂയോർക്കിൽനിന്ന് 15 മണിക്കൂർ വിമാനയാത്ര നടത്തി രാത്രി 9.30ഓടെയാണ് കെവിൻ ന്യൂഡൽഹിയിലെത്തിയത്. തുടർന്ന് സമയം പാഴാക്കാതെ ഒരു ടാക്സി ബുക്ക് ചെയ്ത് ആഗ്രയിലേക്ക് പുറപ്പെട്ടു. നാലു മണിക്കൂർ യാത്രക്ക് ശേഷം വെളുപ്പിന് രണ്ടുമണിയോടെ ആഗ്രയിലെത്തി. പിന്നീട് രണ്ടുമണിക്കൂർ ഹോട്ടലിൽ വിശ്രമിച്ചശേഷം വെളുപ്പിന് തന്നെ താജ്മഹൽ കാണാനായി പുറപ്പെട്ടു. അവിടെയെത്തി താജ്മഹൽ കാണുകയും ആസ്വദിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. വിഡിയോയിൽ ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ, സ്നേഹത്തിന്റെ പ്രതീകമായ സ്മാരകമെന്നാണ് താജ്മഹലിനെ കെവിൻ വിശേഷിപ്പിക്കുന്നത്. താജ്മഹൽ കണ്ടിറങ്ങിയതിന് ശേഷം സമയം വീണ്ടും ബാക്കിയുള്ളതുകൊണ്ട് ഒരു ഇ റിക്ഷയിൽ കയറി കെവിൻ നഗരത്തിന്റെ പ്രധാന തെരുവിലെത്തി. പിന്നീട് തെരുവുകളിലൂടെ നടന്നും ഉത്തരേന്ത്യൻ ഭക്ഷണം ആസ്വദിച്ചും തന്റെ കുറഞ്ഞ സമയം അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. മടക്കയാത്രക്ക് മുമ്പ് ‘ബേബി താജ്’ എന്നറിയപ്പെടുന്ന ഇതിമാദ് ഉദ് ദൗലയുടെ ശവകുടീരവും കെവിൻ സന്ദർശിച്ചു. അപ്രതീക്ഷതിമായ മറ്റൊരു സംഭവം കെവിന്റെ യാത്രയെ തടസപ്പെടുത്താൻ നോക്കി. ഡൽഹിയിലേക്കുള്ള ട്രെയിൻ റദ്ദാക്കിയെന്ന വിവരമായിരുന്നു അത്. എന്നാൽ, വിമാനം നഷ്ടപ്പെടാതിരിക്കാൻ ഒരു ടാക്സി ബുക്ക് ചെയ്ത് കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തുകയായിരുന്നു. “ഇന്ത്യ എന്നെ ഇവിടെ നിർത്താൻ ശ്രമിച്ചു, പക്ഷേ വീട്ടിലേക്ക് പോകാനുള്ള സമയമായി...” എന്ന് വിഡിയോയിൽ കെവിൻ തമാശയായി പറയുന്നത് കേൾക്കാം. ആറ് ലക്ഷത്തിലധികം പേരാണ് ഇതിനകം കെവിന്റെ വൺ ഡേ ട്രിപ്പ് കണ്ടത്. അവിശ്വസനീയമെന്നായിരുന്നു പലരും കെവിന്റെ യാത്രയെ വിശേഷിപ്പിച്ചത്.

ന്യൂയോർക്കിൽനിന്ന് വൺ ഡേ ട്രിപ്പ് താജ്മഹലിലേക്ക്... യുവാവിന്റെ വിഡിയോ വൈറൽ
M
MadhyamamSource Link
about 1 month ago