നൗഷാദ് കണ്ണുതുറന്നു; പ്രതീക്ഷയോടെ കുടുംബം

നൗഷാദ് കണ്ണുതുറന്നു; പ്രതീക്ഷയോടെ കുടുംബം

കൊളത്തൂർ: വാൽപാറ ദുരന്തത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പാങ്ങ് ഗവ. ജി.എൽ.പി സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് കണ്ണ് തുറന്നു. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും കണ്ണ് തുറന്നത് പ്രതീക്ഷ നൽകുന്നതായി കുടുംബം പറയുന്നു. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലുണ്ടായ രക്തസ്രാവത്തിന് കുറവുണ്ട്. നട്ടെല്ലിലെ ചെറിയ പൊട്ടലിനെ കുറിച്ച് കൃത്യമായി അറിയണമെങ്കിൽ എം.ആർ.ഐ സ്കാൻ ചെയ്യണം. എന്നാൽ, മുഴുസമയവും ഓക്സിജൻ സിലിണ്ടറിന്റെ പിന്തുണ വേണമെന്നതിനാൽ എം.ആർ.ഐ സ്കാൻ ചെയ്യാൻ പറ്റാത്ത പ്രതിസന്ധിയുണ്ടെന്ന് ബന്ധു അറിയിച്ചു. അതേസമയം തലക്കോ വയറിനോ മറ്റോ പ്രശ്നങ്ങളില്ല. എന്നാൽ, കൈക്കും കാലിനും പരിക്കുണ്ട്. ദുരന്തത്തിൽ നൗഷാദും മരിച്ചുവെന്നാണ് കുടുംബത്തിന് ആദ്യം അറിയിപ്പ് ലഭിച്ചിരുന്നത്. ബന്ധുക്കൾ ഉടൻ പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടെ പൊള്ളാച്ചിയിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അവർ നൗഷാദിന്റെ ഫോട്ടോ അയച്ചുകൊടുത്തപ്പോഴാണ് പരിക്കുപറ്റി ആശുപത്രിയിലാണെന്ന് മനസ്സിലാവുന്നത്. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ നൗഷാദിന് കൂട്ടിരിക്കാൻ ഭാര്യയും രണ്ട് സഹോദരിമാരും മറ്റു ബന്ധുക്കളുമുണ്ട്. 40കാരനായ നൗഷാദ് വർഷങ്ങളായി പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ ബസ് ഡ്രൈവറാണ്. അതിന് മുമ്പ് ഏലംകുളത്ത് പൈപ്പ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നൗഷാദ് കണ്ണുതുറന്നു; പ്രതീക്ഷയോടെ കുടുംബം — Madhyamam | Boo… | Boolokam