ദോഹ: മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കി ഖത്തർ. ഇറാൻ -യു.എസ് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്ന പാകിസ്താൻ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ആശയവിനിമയം നടത്തി. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുൽ അബ്ദലതി എന്നിവരുമായി ടെലിഫോണിൽ വിവിധ വിഷയങ്ങൾ ചർച്ചചയ്തു. മേഖലയിലെ സൈനിക നടപടികളും അത് പ്രാദേശിക -ആഗോള സുരക്ഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചർച്ചയായി. എല്ലാ തർക്കങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് നേതാക്കൾ ഊന്നിപ്പറഞ്ഞു. ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ജലം, ഭക്ഷണം, ഊർജം തുടങ്ങി നിർണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
