പത്ത് ദിവസത്തെ ചാന്ദ്രയാത്ര കഴിഞ്ഞ് ആർട്ടിമിസ് രണ്ട് യാത്രികർ ഭൂമിയിലെത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. പക്ഷെ, അപ്പോഴേക്കും അവർ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. സംഘത്തിലെ നാല് ബഹിരാകാശയാത്രികരും ഇനി ചന്ദ്രനിലിറങ്ങാനുള്ള പരിശീലനത്തിലേക്ക് കടന്നിരിക്കുകയാണ്. റീഡ് വിസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം മുതൽ ചാന്ദ്ര നടത്തം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശീലനം ആരംഭിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ നടക്കൽ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ, കുറഞ്ഞ ഗുരുത്വാകർഷണത്തിൽ പ്രവർത്തിക്കൽ തുടങ്ങിയ സങ്കീർണ സാഹചര്യങ്ങൾ അനുകരിച്ചാണ് പരിശീലനം നടക്കുന്നത്. ശാസ്ത്രീയ പഠനങ്ങൾക്കും ഭാവിയിലെ മനുഷ്യ താമസത്തിനുമുള്ള അടിത്തറ ഒരുക്കുക എന്നതാണ് ലക്ഷ്യം. പരിശീലനത്തിന്റെ ദൃശ്യങ്ങൾ ജെറമി ഹാൻസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ചാന്ദ്ര യാത്ര നടത്തിയ ആദ്യ യു.എസ് ഇതര പൗരനാണ് ഹാൻസൻ.
