കൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്ത ഭാരതീയ ജനതാ പാർട്ടിയെയും പ്രവർത്തകരെയും അഭിനന്ദിച്ച് രാജ്യസഭ എംപി രാഘവ് ചദ്ദ. 'മുഴുവൻ ബി.ജെ.പി കുടുംബത്തിനും അഭിനന്ദനങ്ങൾ' എന്നാണ് ഈ ചരിത്ര വിജയത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബി.ജെ.പി ബംഗാളിൽ അധികാരമുറപ്പിച്ചത്. കഴിഞ്ഞ മാസം ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദ, എക്‌സിലൂടെയാണ് തന്റെ സന്തോഷം പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാർഢ്യമുള്ള നേതൃത്വത്തിനും അമിത് ഷായുടെ തന്ത്രപരമായ കാഴ്ചപ്പാടിനുമുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിന് പുറമെ അസം, പുതുച്ചേരി എന്നിവിടങ്ങളിലും പാർട്ടി കൈവരിച്ച മുന്നേറ്റം ബി.ജെ.പിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ 294 സീറ്റുകളുള്ള ബംഗാൾ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 147 സീറ്റുകൾ ബി.ജെ.പി അനായാസം മറികടന്നു. 200-ൽ അധികം സീറ്റുകളിലാണ് വിജയം ഉറപ്പിച്ചത്.മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പിയുടെ സുവേന്ദു അധികാരിയും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ സുവേന്ദു അധികാരി ലീഡ് നിലനിർത്തി.

പശ്ചിമ ബംഗാളിൽ ചരിത്രം കുറിച്ച് ബി.ജെ.പി; അഭിനന്ദനങ്ങളുമായി രാഘവ് ചദ്ദ
M
MadhyamamSource Link
about 2 hours ago
