റിയാദ്: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കാനും മേഖലയിലെ സംഘർഷം ലഘൂകരിക്കാനുമുള്ള നിർണായക നയതന്ത്ര ചർച്ചകൾക്ക് പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നതായി റിപ്പോർട്ട്. തുർക്കിയ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി ഇസ്‌ലാമാബാദിൽ കൂടിക്കാഴ്ച നടത്തിയതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ, ഗൾഫ് മേഖലയിലെ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല യോഗം ചേരുന്നത്. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനൊപ്പം, സമുദ്ര വ്യാപാരത്തെ ബാധിച്ച ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും യോഗം മുൻഗണന നൽകുന്നു. ഈ ഉച്ചകോടിക്ക് മുന്നോടിയായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയനുമായി ഒരു മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ പാകിസ്താൻ ശക്തമായി അപലപിക്കുകയും ഇറാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കയുമായും മറ്റ് ഗൾഫ് രാജ്യങ്ങളുമായും പാകിസ്താൻ നടത്തുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഇറാൻ പ്രസിഡൻറിനെ ബോധിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഇറാൻ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതിെൻറ ഭാഗമായി, ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ പാകിസ്താൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സമാധാനത്തിന് ചർച്ചകളും നയതന്ത്രവുമാണ് ഏക പോംവഴിയെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ സജീവം; ഇസ്‌ലാമാബാദിലെ ചർച്ചയിൽ പങ്കെടുത്ത് സൗദി അറേബ്യയും
M
MadhyamamSource Link
about 1 month ago