ന്യൂഡൽഹി: പാമ്പിൻ വിഷം കൊണ്ട് മയക്കുമരുന്നുണ്ടാക്കി ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിൽ യൂട്യൂബർ എൽവിഷ് യാദവിനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി സുപ്രീംകോടതി. വന്യജീവി സംരക്ഷണ നിയമത്തിനും നാർക്കോട്ടിക്, രാസലഹരി വിരുദ്ധ നിയമ (എൻ.ഡി.പി.എസ്) പ്രകാരം എടുത്ത കേസ് ചോദ്യം ചെയ്ത് യൂട്യൂബർ സമർപ്പിച്ച ഹരജിയിലാണ്, ജസ്റ്റിസുമാരായ എം.എം സുന്ദരേശും എൻ.കെ സിങ്ങും അടങ്ങുന്ന ബെഞ്ചിന്റെ വിധി. എൻ.ഡി.പി.എസ് നിയമത്തിൽ യാദവിനെതിരെ കേസ് എടുക്കാനാകില്ലെന്നും പാമ്പിൻ വിഷം ഉപയോഗിച്ചാൽ തന്നെ അത് രാസലഹരിയുടെ പട്ടികയിൽ വരുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. വന്യജീവി സംരക്ഷണ നിയമത്തിനുകീഴിൽ കേസ് എടുക്കണമെങ്കിൽ അധികാരമുള്ള ഉദ്യോഗസ്ഥൻ പരാതിപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി. വന്യജീവി സംരക്ഷണ നിയമത്തിനുകീഴിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി മുന്നോട്ടു കൊണ്ടുപോകാൻ സ്വാതന്ത്ര്യമുണ്ട്. യാദവ് തന്റെ വിഡിയോകളിൽ പാമ്പുകളെയും ചിത്രീകരിച്ചിട്ടുണ്ട്. യാദവിനെതിരെയുള്ള കേസ് റദ്ദാക്കാൻ നേരത്തെ അലഹബാദ് ഹൈകോടതി വിസമ്മതിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിന് കീഴിൽ അംഗീകൃത ഉദ്യോഗസ്ഥനല്ല പരാതി ഉന്നയിച്ചതെന്ന കാര്യം ഉയർത്തിയിട്ടും ഹൈകോടതിയിൽ നിന്ന് അനുകൂല സമീപനം കിട്ടാതെ വന്നപ്പോഴാണ് യാദവ് സുപ്രീംകോടതിയെ സമീപിച്ചത്.

പാമ്പിൻ വിഷം കൊണ്ട് ‘മയക്കുമരുന്ന്’; യൂട്യൂബർക്കെതിരായ കേസ് റദ്ദാക്കി
M
MadhyamamSource Link
about 2 months ago