തിരുവനന്തപുരം: കേരളത്തിന്റെ തെക്കേയറ്റം എന്ന വിശേഷണമാണ് പാറശ്ശാലക്കും പാറശ്ശാല നിയമസഭ മണ്ഡലത്തിനും. മുന്നണികളെ മാറിമാറി പരീക്ഷിച്ച പാറശ്ശാലയിൽ രാഷ്ട്രീയത്തിലുപരിയായി വ്യക്തികളും വിജയക്കൊടി പാറിച്ച ചരിത്രമാണുള്ളത്. പ്രധാനമുന്നണികളെ വെല്ലുവിളിച്ച് സ്വതന്ത്രനായെത്തിയ സുന്ദരൻ നാടാരെ നിയമസഭയിലെത്തിച്ച പാരമ്പര്യമുള്ള അതിർത്തിയിലെ ഈ അങ്കത്തട്ട് ആരുടെയും കുത്തകയല്ല എന്നത് എടുത്തുപറയേണ്ടിവരും. നേരത്തെ ഇടത്-വലത് മുന്നണികൾ തമ്മിൽ നേരിട്ടുള്ള പോരാട്ടമായിരുന്നു ഇവിടെയെങ്കിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ രാഷ്ട്രീയ വളർച്ച നേടിയ ബി.ജെ.പി പാറശ്ശാലയെ ത്രികോണമത്സരവേദിയാക്കിയിട്ടുണ്ട്. സ്ഥാനാർഥികൾക്കൊപ്പം സാമുദായിക സമവാക്യങ്ങൾ മണ്ഡലത്തിലെ വിധി നിർണയത്തിൽ പ്രധാനഘടകമാണ്. നിലവിലെ സി.പി.എം എം.എൽ.എ സി.കെ. ഹരീന്ദ്രനെ പാറശ്ശാലയിൽ വീണ്ടും രംഗത്തിറക്കിയാണ് ഇടതുമുന്നണി മത്സരരംഗത്ത് സജീവമായിരിക്കുന്നത്. ഹാട്രിക് ജയത്തിനായുള്ള ഹരീന്ദ്രന്റെ പോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞ് ഒന്നുമില്ലെന്നാണ് എൽ.ഡി.എഫ് പറയുന്നത്. മണ്ഡലത്തിൽ പുതുമുഖമായി യു.ഡി.എഫ് രംഗത്തിറങ്ങിയിരിക്കുന്നത് കോൺഗ്രസിലെ നെയ്യാറ്റിൻകര സനലിനെയാണ്. പുതുമുഖമാണെങ്കിലും മണ്ഡലത്തിന്റെ സർവ നാടീഞരമ്പും മനപാഠമാക്കിയ വ്യക്തിത്വം കൂടിയാണ് സനൽ. ബി.ജെ.പിക്ക് ഇപ്പോൾ ഏറെ വേരോട്ടമുള്ള മണ്ഡലം കൂടിയായ പാറശാലയിൽ അഡ്വ. ഗിരീഷ് നെയ്യാറിനെയാണ് കന്നിയങ്കത്തിന് ബി.ജെ.പി ഇവിടെ ഇറക്കിയിരിക്കുന്നത്. ത്രികോണപോരിന്റെ ആവേശം ഉണ്ടെന്ന് തോന്നാമെങ്കിലും എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പാറശ്ശാലയിൽ പ്രധാനമത്സരം. മണ്ഡലത്തിൽ കഴിഞ്ഞ പത്തുവർഷമായി നടപ്പാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യവികസനവും എടുത്തുകാട്ടിയാണ് ഹരീന്ദ്രൻ വോട്ടർമാരെ സമീപിക്കുന്നത്. എന്നാൽ കഴിഞ്ഞ പത്തുവർഷക്കാലം മണ്ഡലത്തിലെ അടിസ്ഥാന വിഷയങ്ങൾ എം.എൽ.എ എന്ന നിലയിൽ പൂർത്തീകരിക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നെയ്യാറ്റിൻകര സനലിന്റെ പ്രധാന പ്രചാരണവിഷയം. ഇരുമുന്നണികൾക്കും ജനകീയ വിഷയങ്ങളോട് താൽപര്യമില്ലെന്ന നിലപാട് നിരത്തിയാണ് ബി.ജെ.പി പ്രചാരണം. കോട്ടക്കകം, നെടിയാംങ്കോട്, പരശുവക്കൽ, ഇടച്ചക്കപ്ലാമൂട്, നെടുവാൻവിള, ഇഞ്ചിവിള, ചെറുവാരക്കോണം, മുള്ളുവിള, പവതിയാൻവിള തുടങ്ങി 23 ഓളം പഞ്ചായത്തുകൾ അടങ്ങുന്നതാണ് പാറശാല മണ്ഡലം. 2016ൽ ആണ് സി.കെ. ഹരീന്ദ്രൻ പാറശാലയിൽ മത്സരംഗത്തേക്ക് വരുന്നത്. അന്ന് കോൺഗ്രസിലെ എ.ടി. ജോർജിനെ 18,566 വോട്ടിന് പരാജയപ്പെടുത്തി എൽ.ഡി.എഫിനായി സീറ്റ് പിടിച്ചെടുത്തു. ബി.ജെ.പി സ്ഥാനാർഥി കരമന ജയൻ 33,028 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ. ഹരീന്ദ്രൻ 25,828 വോട്ടിനാണ് യു.ഡി.എഫിലെ അൻസജിത റസലിനെ പരാജയപ്പെടുത്തിയത്. സി.കെ. ഹരീന്ദ്രൻ 78,548 വോട്ടും അൻസജിത റസൽ 52,720 വോട്ടും നേടി. ബി.ജെ.പി സ്ഥാനാർഥി കരമന ജയന് 2016-നേക്കാൾ വോട്ട് കുറഞ്ഞ് 29,850 എന്ന നിലയിലുമെത്തി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫാണ് പാറശ്ശാലയിൽ ലീഡ് നേടിയത്. യു.ഡി.എഫ്. 59,026 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ്. 46,654 വോട്ടും നേടി. 45,957 വോട്ട് നേടി ബി.ജെ.പി കരുത്തുകാട്ടി. സി.കെ. ഹരീന്ദ്രൻ സിറ്റിങ് എൽ.എൽ.എ. എസ്.എഫ്.ഐയിൽ കൂടി വിദ്യാർഥിരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഹരീന്ദ്രൻ സി.പി.എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി, ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.എം ജില്ല കമ്മിറ്റി അംഗമാണ്. നെയ്യാറ്റിൻകര സനൽ നെയ്യാറ്റിൻകര സ്വദേശിയാണ്. കെ.എസ്.യുവിൽ കൂടി വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് ജില്ല ഭാരവാഹി, ജില്ല പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷൻ, മുനിസിപ്പാലിറ്റി പ്രതിക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. ഇപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി തെരഞ്ഞെടുപ്പിൽ തമിഴ്നാടിന്റെ ചുമതല നിർവഹിച്ചു. ആദ്യമായാണ് നിയമസഭയിലേക്ക് മത്സരം. അഡ്വ. ഗിരീഷ് നെയ്യാർ എ.ബി.വി.പിയിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം, ബി.ജെ.പി സംസ്ഥാന ഇന്റലക്ച്വൽ സെൽ അംഗം, ബി.ജെ.പി ജില്ല കമ്മിറ്റി അംഗം, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിയമസഭ 2021 സി.കെ. ഹരീന്ദ്രൻ (എൽ.ഡി.എഫ്)-78,548 അൻസജിത റസൽ (യു.ഡി.എഫ്)-52,720 കരമന ജയൻ (എൻ.ഡി.എ)- 29,850 ലോക്സഭ യു.ഡി.എഫ്- 59,026 എൽ.ഡി.എഫ്- 46,654 എൻ.ഡി.എ- 45,957
