പാലായി റെഗുലേറ്റർ- മുക്കട കുടിവെള്ളപദ്ധതി എന്ന് പൂർത്തീകരിക്കും?

പാലായി റെഗുലേറ്റർ- മുക്കട കുടിവെള്ളപദ്ധതി എന്ന് പൂർത്തീകരിക്കും?

തൃക്കരിപ്പൂർ: തീരദേശ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്ന മുക്കട- പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് അജോയിനിങ് പദ്ധതി ആറാം വർഷത്തിലേക്ക്. 35 കോടി രൂപ ചെലവഴിച്ച് മുക്കട പുഴയിൽനിന്ന് വെള്ളമെത്തിച്ച് കുടിവെള്ളവിതരണം നടത്തുന്ന ബൃഹദ് പദ്ധതിയാണിത്. തൃക്കരിപ്പൂർ, വലിയപറമ്പ, പടന്ന, ചെറുവത്തൂർ, പിലിക്കോട്, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ- പെരളം, കാങ്കോൽ- ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളിലേക്ക് പാലായി റെഗുലേറ്റർ കം ബ്രിഡ്ജിൽനിന്ന് മൂന്ന് കിലോമീറ്റർ അപ്പുറത്ത് മുക്കട പുഴയിൽനിന്ന് കുടിവെള്ളമെത്തിക്കുന്നതാണ് ഈ പദ്ധതി. മുക്കട പുഴയോരത്ത് കിണർ സ്ഥാപിച്ച് അവിടെ നിന്നുള്ള വെള്ളം ചീമേനി ഐ.എച്ച്.ആർ.ഡി കോളജിന് സമീപമുള്ള സർക്കാറിന്റെ രണ്ട് ഏക്കർ സ്ഥലത്ത് ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിക്കും. പരാമർശിക്കപ്പെട്ട ഏഴ് പഞ്ചായത്തുകളിൽ ഇതിനായി പ്രത്യേകം സംഭരണികൾ സ്ഥാപിക്കും. ഈ ടാങ്കുകളിൽനിന്നാണ് വെള്ളം വീടുകളിലേക്ക് നൽകുക. ഏതാനും പഞ്ചായത്തുകളിൽ ഗുണഭോക്താക്കളുടെ വീടുകളിലേക്ക് പൈപ്പ് ലൈൻ വലിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. പക്ഷേ, മുക്കടയിൽ പമ്പിങ് സ്റ്റേഷന്റെ പണി ആരംഭിച്ചിട്ടില്ല. പൊതുമരാമത്ത് റോഡിലൂടെയാണ് കുടിവെള്ള വിതരണത്തിനുള്ള വലിയ പൈപ്പുകൾ ഇടുന്നത്. പൈപ്പുകൾ കാലിക്കടവ്-തൃക്കരിപ്പൂർ പാതയോരത്ത് എത്തിച്ചിട്ടുണ്ട്. പൈപ്പിടുന്ന പ്രവൃത്തി പൂർത്തീകരിക്കുമ്പോഴേക്കും പമ്പിങ് സ്റ്റേഷൻ സജ്ജമാകുമെന്നാണ് അധികൃതർ പറയുന്നത്. ഈ പദ്ധതിയിൽ 530 കിലോമീറ്ററിലധികം പൈപ്പ് ലൈനുകൾ സ്ഥാപിക്കും. പദ്ധതിക്ക് ആവശ്യമായ തുകയിൽ 60 ശതമാനം കേന്ദ്രസർക്കാറിന്റെ ജൽജീവൻ മിഷൻ, 30 ശതമാനം സംസ്ഥാന സർക്കാർ, 10 ശതമാനം പഞ്ചായത്തുകൾ, ഗുണഭോക്താക്കൾ എന്നിവരുടെ വിഹിതമാണ്. തൃക്കരിപ്പൂരിൽ നടക്കാവ്, ഇളമ്പച്ചി, ആയിറ്റി എന്നിവിടങ്ങളിലാണ് ടാങ്ക് സ്ഥാപിക്കുക. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ടാങ്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി വിട്ടുനൽകാൻ ഭരണസമിതി 2021ൽതന്നെ അനുമതി നൽകിയിട്ടുണ്ട്. ആറുവർഷം മുമ്പ് ഭരണാനുമതി ലഭിച്ച പദ്ധതി വിവിധ കാരണങ്ങൾ കൊണ്ട് വൈകി. സ്ഥലം ഏറ്റെടുക്കുന്നതിനനുള്ള നടപടികളും അന്നുതന്നെ ആരംഭിക്കുകയുണ്ടായി. പദ്ധതി 2022ൽ നാടിന് സമർപ്പിക്കാനാകുമെന്നാണ് അന്ന് ജല അതോറിറ്റി പറഞ്ഞത്. ഇപ്പോഴാകട്ടെ, പൂർത്തിയായ നിർമാണപ്രവൃത്തികൾക്ക് കരാറുകാർക്ക് പണം കിട്ടാത്ത സാഹചര്യമുള്ളതായി ബന്ധപ്പെട്ടവർ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലായി റെഗുലേറ്റർ- മുക്കട കുടിവെള്ളപദ്ധതി എന്ന് പൂർത്തീകരിക… | Boolokam