പാലക്കാട്: 12 മണ്ഡലങ്ങളുള്ള പാലക്കാട്ടെ കാറ്റ് അനുകൂലമാക്കാൻ ഇടത് വലത് മുന്നണികൾ നെട്ടോട്ടത്തിലാണ്. രണ്ട് മണ്ഡലങ്ങൾ കൈപ്പിടിയിലാക്കാൻ ബി.ജെ.പിയും തന്ത്രങ്ങൾ മെനയുന്നു. തദ്ദേശത്തേക്കാളും മുന്നേറ്റമുണ്ടാക്കി 2021ലെ ‘വിജയവിസ്മയം’ തുടരുമെന്ന് എൽ.ഡി.എഫ്. ലോക്സഭയിലെ നിലയിലാണ് യു.ഡി.എഫ് പ്രതീക്ഷ. പാലക്കാട്ട് ശോഭ സുരേന്ദ്രനും മലമ്പുഴയിൽ കൃഷ്ണകുമാറും വിസ്മയം സൃഷ്ടിക്കുമെന്ന പ്രതീക്ഷ ബി.ജെ.പിയും പുലർത്തുന്നു. ജില്ലയിൽ ഇടതിന് മൂൻതൂക്കമെന്നുതന്നെയാണ് വിലയിരുത്തൽ. പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബി.ജെ.പി കൗൺസിലർ തടഞ്ഞതും ലൈംഗിക പീഡന പരാതിയും ബി.ജെ.പി-സി.പി.എം ഡീൽ ആരോപണവും പാലക്കാട് മണ്ഡലത്തിലെ പ്രചാരണം ചൂടേറുന്നതാക്കി. വിജയം ഉറപ്പെന്ന് യു.ഡി.എഫും ബി.ജെ.പിയും അവകാശപ്പെടുമ്പോൾ എൻ.എം.ആർ. റസാഖിന്റെ സാന്നിധ്യം ചെറിയ ചലനങ്ങളിൽ ഒതുങ്ങി. തീപാറും മത്സരം നടക്കുന്നത് തൃത്താലയിലാണ്. സംവാദങ്ങളും പോർവിളികളുമായി മുന്നേറുന്ന ഇവിടുത്തെ പരാജയം ഇരുകൂട്ടർക്കും പോറലുണ്ടാക്കും. സി.പി.എമ്മിലെ വിമത കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന പി.കെ. ശശിയുടെ സാന്നിധ്യം ഒറ്റപ്പാലത്തിന് പുറമെ കോങ്ങാട്, മണ്ണാർക്കാട്, ഷൊർണൂർ, ചിറ്റൂർ എന്നിവിടങ്ങളിൽ യു.ഡി.എഫിന് പ്രതീക്ഷയേകുന്നുണ്ടെങ്കിലും ശശിക്കെതിരായ സാമ്പത്തികാരോപണങ്ങളാണ് സി.പി.എം ആയുധം. തദ്ദേശത്തിലെ മുന്നേറ്റമാണ് ബി.ജെ.പി മലമ്പുഴയിൽ വിജയസാധ്യതയായി കാണുന്നത്. കെ. കൃഷ്ണൻകുട്ടി മത്സരിക്കാത്തത് ചിറ്റൂരിൽ യു.ഡി.എഫിന് പ്രതീക്ഷയേകുന്നു. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിനെ തളക്കാൻ നഗരസഭ ചെയർമാൻ ടി.പി. ഷാജിക്ക് കഴിയുമെന്ന് യു.ഡി.എഫ് കരുതുമ്പോൾ വികസന മുന്നേറ്റം മുതൽക്കൂട്ടാവുമെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം. ലീഗ് കോട്ടയായ മണ്ണാർക്കാട്ട് ഇളക്കം തട്ടാനിടയില്ല. കോങ്ങാട്, തരൂർ, ആലത്തൂർ, നെന്മാറ, ഷൊർണൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് ഇളക്കം തട്ടിയാൽ വോട്ടുകളിൽ കാര്യമായ അടിയൊഴുക്കുണ്ടായി എന്നുവേണം കരുതാൻ.

പാലക്കാട്ട് ശോഭ സുരേന്ദ്രനും മലമ്പുഴയിൽ കൃഷ്ണകുമാറും വിസ്മയം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി
M
MadhyamamSource Link
about 1 month ago