പിണറായിയെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ‘അനുവദിക്കാതെ’  വി.പി. റഷീദ്; കൺ​വെൻഷൻ സെന്ററിൽ എത്തുമെന്നറിയിച്ചിട്ട് വന്നതേയില്ല

പിണറായിയെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ‘അനുവദിക്കാതെ’ വി.പി. റഷീദ്; കൺ​വെൻഷൻ സെന്ററിൽ എത്തുമെന്നറിയിച്ചിട്ട് വന്നതേയില്ല

M
MadhyamamSource Link
കണ്ണൂർ: ധർമടത്ത് പിണറായി വിജയനെ മുൾമുനയിൽ നിർത്തി വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.പി. അബ്ദുൽ റഷീദ്. വോട്ടെണ്ണൽ വീക്ഷിക്കാൻ പിണറായിയിലെ കൺ​വെൻഷൻ സെന്ററിൽ മുഖ്യമന്ത്രി എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പിണറായിയെ കാത്ത് വൻ മാധ്യമപട കാത്തിരിക്കുകയും ചെയ്തു. എന്നാൽ, വീട്ടിൽനിന്ന് അദ്ദേഹമിറങ്ങിയതേയില്ല. മാധ്യമങ്ങളെ കാണുന്നില്ലെന്ന് പിന്നീട് പാർട്ടിക്കാർ അറിയിക്കുകയും ചെയ്തു. മത്സരവഴിയിൽ ജയം മാ​ത്രം കണ്ടുശീലിച്ച പിണറായിയെയും സി.പി.എമ്മിനെയും ഞെട്ടിച്ചാണ് വോട്ടെണ്ണലിന്റെ ആദ്യ നാലുമണിക്കൂർ പിന്നിട്ടത്. ചരിത്രത്തിലാദ്യമായി ധർമടത്ത് ആദ്യറൗണ്ടുകളിൽ യു.ഡി.എഫിന് ലീഡ് ലഭിച്ചു. വോട്ടെണ്ണൽ തുടങ്ങി 12 മണിയായപ്പോഴാണ് പിണറായിക്ക് പേരിനെങ്കിലും ഭൂരിപക്ഷം ലഭിച്ചു തുടങ്ങിയത്. കഴിഞ്ഞതവണ 50,123 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച ധർമടം മണ്ഡലമാണ് ഇങ്ങനെ പുറംതിരിഞ്ഞുനിന്നത്. ധർമടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. ചെമ്പിലോട്, അഞ്ചരക്കണ്ടി, വേങ്ങാട് പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വേളയിലാണ് യു.ഡി.എഫിന് ലീഡുണ്ടായത്. ആദ്യറൗണ്ടിൽ 700 വോട്ടിന് ലീഡുമായാണ് റഷീദിന്റെ മുന്നേറ്റം. രണ്ടാം റൗണ്ടിലിത് 2500 ആയി. മൂന്നാം റൗണ്ടിൽ 3000 എത്തിയതോടെ ‘ക്യാപ്റ്റൻ’ വീഴുമെന്ന പ്രതീതി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 19,247 വോട്ടിന്റെ ഭൂരിപക്ഷമാണ് പിണറായിക്ക് ലഭിച്ചത്. ആകെ കിട്ടിയ വോട്ട് 85614. റഷീദിന് 66,367വോട്ടും ലഭിച്ചു. ചെമ്പിലോട്, കടമ്പൂർ പഞ്ചായത്തുകളിൽ യു.ഡി.എഫിനു ലീഡുമുണ്ട്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായ വി.പി. അബ്ദുൽ റഷീദ് കഴിഞ്ഞതവണ തളിപ്പറമ്പിൽ മത്സരിച്ച് എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയാക്കിയ റെക്കോഡുമായാണ് ഇത്തവണ ധർമടത്ത് എത്തുന്നത്. സി.പി.എം വിട്ട ടി.കെ. ഗോവിന്ദനെ തളിപ്പറമ്പിൽ യു.ഡി.എഫ് പിന്തുണക്കാൻ തീരുമാനിച്ചതോടെയാണിത്. മയ്യിൽ ഗ്രാമപഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശിയായ ഈ 36കാരൻ ജവഹർ ബാലജന വേദി ബ്ലോക്ക് ജില്ല കോഓഡിനേറ്റർ, ജില്ല ചെയർമാൻ, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചു. നിലവിൽ കാസർകോട് ജില്ലയുടെ സംഘടന ചുമതല വഹിക്കുന്ന യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഷാഫി പറമ്പിൽ ഒഴികെയുള്ള സ്റ്റാർ പ്രചാരകർ ആരും മണ്ഡലത്തിൽ എത്താത്തതിലെ പരിഭവം അദ്ദേഹത്തിനുണ്ട്. ഒറ്റപ്പെട്ടുപോയ സ്ഥാനാർഥിയായി പോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയും ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!