റിയാദ്: സ്വന്തം പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സ്വദേശി പൗരനും, മയക്കുമരുന്ന് കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട മറ്റൊരാൾക്കും സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. മക്ക മേഖലയിൽ വെച്ചാണ് നവാഫ് ബിൻ അലി ബിൻ ദാകിർ അൽ സഹ്റാനി എന്ന പൗരെൻറ വധശിക്ഷ നടപ്പാക്കിയത്. ഇയാൾ സ്വന്തം പിതാവിനെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന പ്രതി, തെൻറ ജനനത്തിന് കാരണക്കാരനായ പിതാവിനെ തന്നെ ഇല്ലാതാക്കിയ നടപടി അങ്ങേയറ്റം ക്രൂരവും സമൂഹത്തിൽ ഭീതി പടർത്തുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടുകയും കുറ്റം തെളിയുകയും ചെയ്തതിനെത്തുടർന്ന് സ്പെഷലൈസ്ഡ് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതോടെ രാജകൽപന പ്രകാരം ശിക്ഷ നടപ്പാക്കി. മറ്റൊരു സംഭവത്തിൽ, കിഴക്കൻ പ്രവിശ്യയിൽ ആംഫെറ്റാമൈൻ ഗുളികകൾ കടത്തിയ കേസിൽ ഖാലിദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മാദിഹ് എന്ന സൗദി പൗരെൻറ വധശിക്ഷയും ഇന്ന് നടപ്പാക്കി. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുകയും അത് വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്. അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. അപ്പീൽ കോടതികളുടെ അംഗീകാരത്തിന് ശേഷം രാജകൽപ്പന പ്രകാരമാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നീതി നടപ്പാക്കുന്നതിനും സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിരപരാധികളുടെ ജീവനും സുരക്ഷയും ഹനിക്കുന്നവർക്കും, സമൂഹത്തെയും യുവാക്കളെയും നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കും ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള കഠിനമായ ശിക്ഷ തന്നെ ലഭിക്കുമെന്ന് മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.

പിതാവിെൻറ ഘാതകനും മയക്കുമരുന്ന് കടത്തുകാരനും വധശിക്ഷ നടപ്പാക്കി
M
MadhyamamSource Link
about 3 hours ago
