പുതിയ പാർട്ടി യുവജനങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമാകുമെന്ന് കെ. കവിത

പുതിയ പാർട്ടി യുവജനങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമാകുമെന്ന് കെ. കവിത

ഹൈദരാബാദ്: മുൻ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ (കെ.സി.ആർ) മകളുമായ കെ. കവിത പുതിയ രാഷ്ട്രീയ വേദി രൂപീകരിക്കുന്നു. മുഖ്യധാര രാഷ്ട്രീയത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന ഈ പുതിയ സംരംഭം ഏപ്രിൽ 25-ന് ഔദ്യോഗികമായി ആരംഭിക്കും. ജെൻ-സി കൾ സ്ക്രീനുകൾക്ക് മുന്നിൽ സമയം പാഴാക്കുന്നവരാണെന്ന പൊതുധാരണയെ കവിത തിരുത്തി പറഞ്ഞു. "യുവാക്കൾ ഡിജിറ്റൽ ലോകത്ത് ശ്രദ്ധ തിരിഞ്ഞവരാണെന്നാണ് പലരും പറയുന്നത്. എന്നാൽ അതേ സ്ക്രീനുകൾ ഉപയോഗിച്ച് ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാൻ ഞങ്ങൾ അവരെ പ്രാപ്തരാക്കും," കവിത പറഞ്ഞു. മാറ്റത്തിനായി ആഗ്രഹിക്കുന്ന യുവാക്കൾ , ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ എന്നിവർക്കായി ഈ പ്ലാറ്റ്‌ഫോം തുറന്നുകൊടുക്കും. കേവലം പേരിന് വേണ്ടിയുള്ള പ്രാതിനിധ്യമല്ല, മറിച്ച് നേതൃനിരയിലേക്ക് ഇവരെ എത്തിക്കുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു."ഞങ്ങൾ നിങ്ങൾക്ക് വെറുമൊരു ഇരിപ്പിടമല്ല നൽകുന്നത്, മറിച്ച് നിങ്ങൾക്ക് ഇതൊരു നേതൃത്വപരമായ അവസരങ്ങൾ നയിക്കാനുള്ള പ്ലാറ്റ്‌ഫോമാണ്. നിങ്ങളുടെ കാഴ്ചപ്പാടുകൾ വെറുമൊരു അടിക്കുറിപ്പല്ല, അത് നമ്മുടെ ഭാവിയുടെ ബ്ലൂപ്രിന്റാണ്," കവിത വ്യക്തമാക്കി. ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2025-ലാണ് കവിത പാർട്ടിയിൽ നിന്ന് രാജിവെച്ചത്. മുൻ എം.പിയും എം.എൽ.സിയുമായിരുന്ന കവിതയും സഹോദരൻ കെ.ടി. രാമറാവു വും (കെ.ടി.ആർ) തമ്മിലുള്ള ബന്ധം കാലക്രമേണ വഷളായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തെലങ്കാനയിൽ ബി.ആർ.എസിന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരസ്യമായിരുന്നു. പാർട്ടിക്കുള്ളിലെ പോരായ്മകൾ പരസ്യമായി ഉന്നയിച്ചതിനെത്തുടർന്ന് കവിതയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അവർ തന്റെ എം.എൽ.സി സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചത്. രാജിവെച്ചതിന് ശേഷം 'തെലങ്കാന ജാഗൃതി' എന്ന സംഘടനയിലൂടെ സജീവമായിരുന്ന കവിത, ഇപ്പോൾ പുതിയ രാഷ്ട്രീയ പാർട്ടിയിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിക്കാനൊരുങ്ങുകയാണ്. ഏപ്രിൽ 25ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ടീമുമായി ബന്ധപ്പെടാമെന്നും അവർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുതിയ പാർട്ടി യുവജനങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയ… | Boolokam