ചെന്നൈ: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും സമ്പന്നനായ സ്ഥാനാർഥി, ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ മകനും ലക്ഷ്യ ജനനായക കക്ഷി നേതാവുമായ ജോസ് ചാൾസ് മാർട്ടിൻ. പുതുച്ചേരി കാമരാജ് നഗർ, നെല്ലിത്തോപ്പ് നിയോജക മണ്ഡലങ്ങളിൽ സമർപ്പിച്ച നാമനിർദേശ പത്രികയിലാണ് 597 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അറിയിച്ചത്. ഇതിൽ 328 കോടി രൂപയുടെ ജംഗമ ആസ്തികളും 269 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണ്. 25 കോടി രൂപ വിലമതിക്കുന്ന 17.5 കിലോഗ്രാം സ്വർണവും വജ്രങ്ങളും, 192 കോടി രൂപ വിലമതിക്കുന്ന ഭൂസ്വത്ത്, 38 കോടിയുടെ വാച്ചുകൾ, 20.59 ലക്ഷം പണമായിട്ടുണ്ട്. കടബാധ്യത 210 കോടിയുമാണ്. ഭാര്യ സിന്ധുശ്രീ ചാൾസിന്റെ പക്കൽ 1.82 ലക്ഷം രൂപയുമുണ്ട്. 66.15 ലക്ഷം രൂപയുടെ മെഴ്സിഡസ് ബെൻസ് കാറും 1.29 കോടി രൂപയുടെ ടൊയോട്ട വെൽഫയർ കാറുമുണ്ട്. മൂന്ന് പൊലീസ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻ.ആർ കോൺഗ്രസ്- ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിലെ ഘടകകക്ഷിയായ ലക്ഷ്യ ജനനായക കക്ഷി രണ്ട് സീറ്റുകളിലാണ് ജനവിധി തേടുന്നത്. സാന്റിയാഗോ മാർട്ടിന്റെ മരുമകൻ ആധവ് അർജുന, നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) പ്രചാരണ വിഭാഗം സെക്രട്ടറിയാണ്. മാർട്ടിന്റെ ഭാര്യ ലീമറോസ് മാർട്ടിൻ അണ്ണാ ഡി.എം.കെ നേതാവാണ്. ഇവർ ഇത്തവണ ലാൽഗുഡി നിയമസഭ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നു. സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനമായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവിസസ്, ഇലക്ടറൽ ബോണ്ടുകൾ മുഖേന ബി.ജെ.പി, ഡി.എം.കെ ഉൾപ്പെടെ കക്ഷികൾക്ക് സംഭാവന നൽകിയിരുന്നത് നേരത്തേ വിവാദമായിരുന്നു.

പുതുച്ചേരി: സമ്പന്ന സ്ഥാനാർഥി സാന്റിയാഗോ മാർട്ടിന്റെ മകൻ; ആസ്തി 597 കോടി
M
MadhyamamSource Link
about 2 months ago