തൃശൂർ: നഗരത്തിനടുത്ത് മുണ്ടത്തിക്കോട്ട് തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 14 പടക്ക നിർമാണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ പലരെയും തിരിച്ചറിയാനായിട്ടില്ല. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്. സമീപത്തെ അഞ്ച് കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾക്ക് വിള്ളൽ വീണു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3.20ന് തിരുവമ്പാടി ദേവസ്വം വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശിന്റെ ഉടമസ്ഥതയിലുള്ള ആറ് വെടിപ്പുരകളിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. മരിച്ചതിൽ വെന്നൂർ സ്വദേശി സുദർശനൻ (54), കുമരനല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മുണ്ടത്തിക്കോട് കുട്ടംകുളത്തുള്ള നിർമാണശാലയിലായിരുന്നു സ്ഫോടനം. മൂന്നര മുതൽ രാത്രി എട്ടര വരെ തുടർസ്ഫോടനങ്ങളാണ് പ്രദേശത്ത് ഉണ്ടായത്. 30ലധികം പേർ വെടിക്കെട്ടുപുരയിൽ ജോലിയിലുണ്ടായിരുന്നു. ഏപ്രിൽ 24ന് തൃശൂർ പൂരത്തിന്റെ ഭാഗമായ സാമ്പിൾ വെടിക്കെട്ടിനും 27ന് പുലർച്ചയുള്ള പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ് പൊട്ടിത്തെറിച്ചത്. തീയും പുകപടലങ്ങളും പടർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് അടുത്തേക്ക് എത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. വെടിക്കെട്ടിനാവശ്യമായ പടക്കങ്ങള്‍, ഗുണ്ട്, അമിട്ട് തുടങ്ങിയ സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്. കനത്ത ചൂടായതിനാല്‍ ഏതു ഭാഗത്തു നിന്നാണ് തീപടര്‍ന്നതെന്ന് നിശ്ചയമില്ല. ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ പൊലീസും അഗ്നിശമന സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചാക്കിലാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരങ്ങളുടെ മുകളിലേക്കുവരെ തെറിച്ച ശരീര അവശിഷ്ടങ്ങള്‍ ഡ്രോണിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. സ്കൂബ സംഘം സമീപത്തെ ജലാശയങ്ങളിൽ മുങ്ങിത്തപ്പി. മുണ്ടത്തിക്കോട് അഞ്ചേക്കര്‍ പാടത്തിന് നടുവില്‍ അഞ്ച് ചെറിയ പടക്കപുരകളിലായാണ് കരിമരുന്നുകള്‍ ഒരുക്കിയിരുന്നത്. വലിയ കുഴിമിന്നലുകളും ഗുണ്ടുകളും ഡെയ്നകളുമാണ് സ്ഫോടനത്തില്‍ പൊട്ടിയത്. പഴയന്നൂര്‍ വെന്നൂര്‍ പറക്കുണ്ടില്‍ സുദര്‍ശനനെ ബന്ധുക്കള്‍ രാത്രിയോടെ മെഡിക്കല്‍ കോളജാശുപത്രിയിലെത്തി തിരിച്ചറിഞ്ഞു. 30 വര്‍ഷമായി വെടിക്കെട്ട് തൊഴിലിൽ ഏർപ്പെട്ട് വരികയായിരുന്നു. വിഷു ആഘോഷത്തിന് വീട്ടിലെത്തിയ ശേഷം രണ്ട് ദിവസം മുമ്പ് തൊഴിലിടത്തേക്ക് മടങ്ങുകയായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: സുബിന്, അനൂപ്.

പൂരത്തിന്റെ വെടിമരുന്ന് പുര പൊട്ടിത്തെറിച്ചു; 14 തൊഴിലാളികൾക്ക് ദാരുണാന്ത്യം
M
MadhyamamSource Link
18 days ago