ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധംകാരണം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ പരിഗണിച്ച് നിർണായക പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കി. ആഭ്യന്തര വിപണിയിൽ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടയുന്നതിനുമായി ഏർപ്പെടുത്തിയ ഈ ഇളവ് ജൂൺ 30 വരെ തുടരും. പ്ലാസ്റ്റിക്, പാക്കേജിങ്, ടെക്സ്റ്റൈൽസ്, മരുന്ന് നിർമാണം, കെമിക്കൽസ്, ഓട്ടോമോട്ടിവ് തുടങ്ങിയ മേഖലകൾക്ക് വലിയ ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. മെഥനോൾ, അൻഹൈഡ്രസ് അമോണിയ, ടൊളീൻ, സ്റ്റൈറീൻ, ഡിക്ലോറോമെഥെയ്ൻ (മെത്തിലീൻ ക്ലോറൈഡ്), വിനൈൽ ക്ലോറൈഡ് മോണോമർ, പോളി ബ്യൂട്ടാഡീൻ, സ്റ്റൈറീൻ ബ്യൂട്ടാഡീൻ, അൺസാച്ചുറേറ്റഡ് പോളിസ്റ്റർ റെസിനുകൾ എന്നിവയ്ക്കാണ് കസ്റ്റംസ് തീരുവയിൽ ഇളവ് അനുവദിച്ചത്. ഈ അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നത് അന്തിമ ഉപഭോക്താക്കൾക്കും ഗുണകരമാകും. യുദ്ധം അയവില്ലാതെ തുടരുന്നതിനിടയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ ഏതാണ്ട് 50 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്രം കുറച്ചിരുന്നു. നിലവിൽ പെട്രോളിന് മൂന്ന് രൂപയാണ് എക്സൈസ് തീരുവ, ഡീസലിന് തീരുവയില്ല. അതേസമയം, ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി ഡീസലിന്റെയും ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെയും കയറ്റുമതിയിൽ അധിക നികുതി ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഷിപ്പിങ് റൂട്ടുകളിലെ തടസ്സങ്ങൾ വളം, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ധനമന്ത്രാലയം തന്ത്രപ്രധാനമായി ഇടപെട്ടത്.

പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രം; ഇളവ് ജൂൺ 30 വരെ
M
MadhyamamSource Link
about 1 month ago