പൊതുജനാരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ മാർച്ച് നടത്തും

പൊതുജനാരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ മാർച്ച് നടത്തും

മംഗളൂരു: സർക്കാർ ആശുപത്രികളും സ്വകാര്യ മെഡിക്കൽ കോളജുകളും തമ്മിലുള്ള കരാറുകൾ റദ്ദാക്കുക, പൊതുജനാരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ ദക്ഷിണ കന്നട ജില്ല കമ്മിറ്റി 28ന് “ചലോ ഡിസ്ട്രിക്ട് ഇൻ-ചാർജ് മിനിസ്റ്റേഴ്‌സ് ഓഫിസ്” മാർച്ച് നടത്തും . മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിൽനിന്ന് പാഡിലിലെ ഡിസി ഓഫിസിലുള്ള മന്ത്രിയുടെ ഓഫിസിലേക്കാണ് മാർച്ച് നടത്തുകയെന്ന് ജില്ല പ്രസിഡന്റ് ബി.കെ. ഇംതിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള കരാറുകൾക്ക് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അടുത്തിടെ അംഗീകാരം നൽകിയിട്ടുണ്ട്. അതനുസരിച്ച് ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിയും മൂഡ്ബിദ്രി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും ആൽവാസ് ഹെൽത്ത് സെന്ററുമായും ബണ്ട്വാൾ താലൂക്കാശുപത്രി എ.ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായും വിറ്റൽ കമ്യൂണിറ്റി ആശുപത്രി യെനെപോയ മെഡിക്കൽ കോളജുമായും ബന്ധിപ്പിച്ചിട്ടുണ്ട്. കാൻസർ, ഹൃദ്രോഗികൾ, മാനസികാരോഗ്യ സംരക്ഷണം എന്നിവക്കായി മംഗളൂരുവിൽ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്, കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) എന്നിവയുടെ യൂനിറ്റ് വേണമെന്ന് ജില്ലയിലെ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട് .എന്നാൽ അത്തരം സൂപ്പർ സ്പെഷാലിറ്റി സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഒരു നിർദേശവും മുന്നിലില്ലെന്ന് സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കഡബ, മൂഡ്ബിദ്രി, ഉള്ളാൾ, മുൽക്കി, മംഗളൂരു താലൂക്കുകളിൽ താലൂക്കാശുപത്രികളും ഇല്ലെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി സന്തോഷ് ബജാൽ പറഞ്ഞു. മംഗളൂരുവിൽ ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്റർ പോലും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. 2025-26 കാലയളവിൽ ജില്ലക്ക് പുറത്തുനിന്നുള്ളവർ ഉൾപ്പെടെ 13,322 കാൻസർ രോഗികളെ ജില്ല വെൻലോക്ക് ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, ഇത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊതുജനാരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ മാർച്ച് നടത്തും —… | Boolokam