പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ അഞ്ച് മണിക്കൂർ താമരത്തണ്ടിലൂടെ ശ്വസിച്ച് കുളത്തിനടിയിൽ ഒളിച്ചിരുന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ

പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ അഞ്ച് മണിക്കൂർ താമരത്തണ്ടിലൂടെ ശ്വസിച്ച് കുളത്തിനടിയിൽ ഒളിച്ചിരുന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ

M
MadhyamamSource Link
ഭോപ്പാൽ: സിനിമകളിൽ മാത്രം കണ്ടുവരുന്ന തരത്തിലുള്ള സാഹസികമായ നീക്കങ്ങൾക്കൊടുവിൽ കൊടും ക്രിമിനലിനെ പിടികൂടി ആർ.പി.എഫ് സംഘം. മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ വേണ്ടി കുളത്തിലെ പായലിനടിയിൽ അഞ്ചുമണിക്കൂറോളം ഒളിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശി ഹർവീന്ദർ സിങ്ങാണ് (32) ആർ.പി.എഫ് സംഘത്തിന്റെ പിടിയിലായത്. ഒരു താമരത്തണ്ട് ശ്വസനക്കുഴലായി ഉപയോഗിച്ചാണ് ഇയാൾ ഇത്രയും നേരം വെള്ളത്തിനടിയിൽ കഴിഞ്ഞത്. ഏപ്രിൽ ആറിന് പുലർച്ചെ 4.50-ഓടെ ജബൽപൂർ ഡിവിഷനിലെ സിഹോറ റെയിൽവേ സ്റ്റേഷനിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ട്രെയിൻ നമ്പർ 11753-ൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയുടെ പേഴ്സ് തട്ടിയെടുക്കാൻ ശ്രമിച്ച ഹർവീന്ദറിനെ പട്രോളിങ്ങിലായിരുന്ന ആർ.പി.എഫ് സംഘം പിന്തുടർന്നു. പൊലീസിനെ കണ്ടതോടെ റെയിൽവേ സ്റ്റേഷന് സമീപത്തെ ചന്തക്കടുത്തുള്ള പായൽ നിറഞ്ഞ വലിയ കുളത്തിലേക്ക് ഇയാൾ എടുത്തുചാടി. കരയിൽ ആർ.പി.എഫ് സംഘം നിലയുറപ്പിച്ചെങ്കിലും മണിക്കൂറുകളോളം ഇയാൾ വെള്ളത്തിന് മുകളിലേക്ക് വന്നില്ല. തുടർന്ന് സംശയം തോന്നിയ സേന പ്രാദേശിക പൊലീസിന്റെയും മുങ്ങൽ വിദഗ്ധരുടെയും സഹായം തേടി. അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ കുളത്തിന്റെ ഒരു ഭാഗത്ത് താമരത്തണ്ട് ഉപയോഗിച്ച് ശ്വസിച്ചു കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തി കരക്കെത്തിക്കുകയായിരുന്നു. കരയിലെത്തിച്ച ശേഷവും പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ചാണ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്. ആദ്യം തെറ്റായ വിവരങ്ങൾ നൽകി പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും പഴയ വാർത്താ റിപ്പോർട്ടും ഐ.സി.ജെ.എസ് റെക്കോർഡുകളും പരിശോധിച്ച ആർ.പി.എഫ് ഇയാളുടെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്തുകയായിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ബിജ്‌നോർ സ്വദേശിയായ ഹർവീന്ദർ. ടിക്കറ്റില്ലാതെ ട്രെയിനുകളിൽ കയറുന്ന ഇയാൾ സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും ലക്ഷ്യമിട്ടാണ് മോഷണം നടത്തുന്നത്. തിരിച്ചറിയൽ രേഖകളൊന്നും കൈവശം വെക്കാത്ത ഇയാൾ, നിരന്തരം സിം കാർഡുകൾ മാറ്റുന്നതിനാൽ പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു പതിവ്. ഭോപ്പാൽ, ഉജ്ജയിൻ, ഇഗത്പുരി, വിശാഖപട്ടണം തുടങ്ങി വിവിധ റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വാറണ്ടുകൾ നിലവിലുണ്ട്. ആർ.പി.എഫിന്റെ ഓപ്പറേഷൻ യാത്രി സുരക്ഷയുടെ ഭാഗമായി ഐ.പി.എഫ് രാജീവ് ഖർബ്, എസ്.ഐ അരവിന്ദ്, കോൺസ്റ്റബിൾമാരായ വിനയ് മൗര്യ, ആശിഷ് യാദവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. റെയിൽവേ നിയമപ്രകാരം കേസെടുത്ത പ്രതിയെ ജബൽപൂർ സ്പെഷ്യൽ റെയിൽവേ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ അഞ്ച് മണിക്കൂർ താമരത്തണ്ടില… | Boolokam