തൊടുപുഴ: തെരഞ്ഞെടുപ്പിന് ഇനി വളരെക്കുറച്ച് ദിവസങ്ങൾ കൂടി അവശേഷിക്കെ കൊടും ചൂടിനെ പോലും വകവെക്കാതെ പ്രചാരണം കൊഴുപ്പിക്കുകയാണ് സ്ഥാനാർഥികളും പ്രവർത്തകരും. പ്രചാരണച്ചൂടാണോ വേനൽചൂടാണോ കൂടുതലെന്ന് ചോദിച്ചാൽ ഇവർ പറയും, വേനൽചൂട് തന്നെയാണെന്ന്. അത്ര ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെ പതിനൊന്ന് മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത രീതിയിലാണ് ചൂട്. ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ അന്തരീക്ഷ താപനില ഉയരുകയാണ്. കടുത്ത വേനലിൽ വോട്ട് തേടിയിറങ്ങുന്ന സ്ഥാനാർഥികളും പ്രവർത്തകരും ശരിക്കും വെള്ളം കുടിച്ച് തുടങ്ങി .വേനൽമഴ കനിഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ വലഞ്ഞു പോകുമെന്ന് സ്ഥാനാർഥികളെല്ലാം സമ്മതിക്കുന്നു. ഹൈറേഞ്ചിൽ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം മഴ പേരിന് പെയ്തെങ്കിലും ചൂട് കാര്യമായി കുറയുന്നില്ല. സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവയാണ് സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും ഏക ആശ്വാസം. ലിറ്റർ കണക്കിന് കുപ്പിവെള്ളം സ്ഥാനാർഥിയുടെ വാഹനങ്ങളിൽ സൂക്ഷിക്കുന്നവരുമുണ്ട്. പല വീടുകളിലുമെത്തി പ്രവർത്തകർ വെള്ളം ചോദിച്ച് വാങ്ങി കുടിക്കുന്ന സാഹചര്യവുമുണ്ട്. അതത് പ്രദേശങ്ങളിലെ പാർട്ടിപ്രവർത്തകരുടെ വീട്ടിൽ മുൻ വർഷങ്ങളിൽ ഭക്ഷണമാണ് തയാറാക്കിയിരുന്നതെങ്കിൽ ചൂടിനെ തുടർന്ന് ഭക്ഷണം കുറച്ച്, തണ്ണിമത്തനും വിവിധ തരം ജ്യൂസുകളുമൊക്കെയാണ് സ്ഥാനാർഥികളുടെ ആശ്രയം. ഏതു വീട്ടിലെത്തിയാലും പാർട്ടിയൊന്നും നോക്കാതെ കുടിക്കാൻ വെള്ളവും സംഭാരവുമൊക്കെ കിട്ടുന്നുണ്ടെന്ന് സ്ഥാനാർഥികളും പറയുന്നു.

പൊള്ളും ചൂട്; വെള്ളം കുടിച്ച് സ്ഥാനാർഥികൾ
M
MadhyamamSource Link
about 1 month ago