കുന്ദമംഗലം: നിയമസഭ തെരഞ്ഞെടുപ്പിൽ ഒളവണ്ണ പഞ്ചായത്തും കുന്ദമംഗലം പഞ്ചായത്തും എൽ.ഡി.എഫിനും യു.ഡി.എഫിനും നിർണായമാകും. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി മുന്നിലായിരുന്നെങ്കിലും അവസാന ലാപ്പിൽ യു.ഡി.എഫിന് ഒപ്പത്തിനൊപ്പമെത്താൻ കഴിഞ്ഞിട്ടുണ്ട്. 2007ലെ മണ്ഡല പുനർ വിഭജനത്തിന് ശേഷം ഇടതുപക്ഷ സ്വഭാവം പ്രകടമാക്കുന്ന മണ്ഡലമാണ് കുന്ദമംഗലം. ജില്ലയിൽ ബി.ജെ.പിക്ക് പരമ്പരാഗതമായി കൂടുതൽ വോട്ട് ലഭിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കുന്ദമംഗലം. 2016ൽ ബി.ജെ.പി ഏറ്റവും ഉയർന്ന 18.13 ശതമാനം വോട്ട് നേടിയപ്പോൾ 2021 ൽ അത് 14.28 ശതമാനമായി കുറഞ്ഞു. 2011ലാണ് പി.ടി.എ. റഹീം മണ്ഡലത്തിൽ ആദ്യമായി മത്സര രംഗത്തിറങ്ങിയത്. അന്ന് പത്ത് വർഷം മണ്ഡലത്തിൽ ശക്തമായ ജനകീയ സ്വാധീനമുണ്ടായിരുന്ന യു.ഡി.എഫിന്റെ യു.സി രാമനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മൂന്ന് തവണ മണ്ഡലത്തിൽ എം.എൽ.എ ആയിട്ടും തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ഒരു മാറ്റം അനിവാര്യമാണെന്നും യു.ഡി.എഫ് പ്രവർത്തകർ പറയുമ്പോൾ പി.ടി.എ. റഹീം മാറണമെന്ന വികാരം മണ്ഡലത്തിൽ ശക്തമല്ലെന്നും വികസന പ്രവർത്തനങ്ങളും ജനസമ്പർക്കവും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളായി തുടരുകയാണെന്നും ഇടതുപക്ഷ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. കുന്ദമംഗലം പഞ്ചായത്തിൽ 4,000ലേറെ വോട്ടിന്റെ ലീഡാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിൽ 1000 മുതൽ 2000 വരെ ലീഡും പ്രതീക്ഷിക്കുന്നു. ഇടത് കോട്ടയായ ഒളവണ്ണയിൽ എൽ.ഡി.എഫിന്റെ ലീഡ് കുറക്കാനായാൽ 5000ലേറെ വോട്ടിന്റെ വിജയം നേടാൻ ആകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാൽ കുന്ദമംഗലം പഞ്ചായത്തിലൊഴികെ മറ്റ് പഞ്ചായത്തുകളിൽ ലീഡ് നേടുമെന്നും ഒളവണ്ണ പഞ്ചായത്തിൽ 6,000ലേറെ വോട്ടിന്റെ ലീഡ് അടക്കം 10,000 വോട്ടിന് വിജയിക്കുമെന്നുമാണ് എൽ.ഡി.എ കണക്ക് കൂട്ടൽ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഒളവണ്ണ ഒഴികെ മുഴുവൻ പഞ്ചായത്തും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ഒളവണ്ണ പഞ്ചായത്തിൽ എൽ.ഡി.എഫിന്റെയും കുന്ദമംഗലം പഞ്ചായത്തിൽ യു.ഡി.എഫിന്റെയും ലീഡ് കുറക്കാൻ ഇരു മുന്നണികളും പരിശ്രമങ്ങൾ നടത്തുകയാണ്. ജയ പരാജങ്ങൾ നിർണയിക്കുന്നതിൽ ഈ രണ്ട് പഞ്ചായത്തുകൾ ഇരു മുന്നണിക്കും നിർണായകമാണ്.

പോരാട്ടം ഇഞ്ചോടിഞ്ച്; ഒളവണ്ണയും കുന്ദമംഗലവും നിർണായകം
M
MadhyamamSource Link
about 1 month ago