കൊച്ചി: പശ്ചിമേഷ്യൻ പ്രതിസന്ധി അയവില്ലാതെ തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി എൽ.പി.ജി കപ്പൽ കൊച്ചി തീരത്തെത്തി. പശ്ചിമേഷ്യൻ പ്രതിസന്ധി ഒരുമാസം പിന്നിട്ടതിനുശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പാചകവാതകവുമായി കപ്പലെത്തുന്നത്. അപ്പോളോ ഓഷ്യൻ എന്ന കപ്പലാണ് 9,000 ടൺ എൽ.പി.ജി.യുമായി തിങ്കളാഴ്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി.) പുതുവൈപ്പിൻ എൽ.പി.ജി. ടെർമിനലിൽ നങ്കൂരമിട്ടത്. ഏതാണ്ട് ഒരാഴ്ചയോളം ഉപയോഗിക്കാനുള്ള പാചകവാതകമാകും കപ്പലിലുണ്ടാവുക. ഹുർമുസ് കടന്നെത്തിയ ശിവാലിക് എൽ.പി.ജി. ടാങ്കറിൽ നിന്നുള്ള പാചകവാതകമാണ് അപ്പോളോ ഓഷ്യൻ വഴി കൊച്ചിയിൽ എത്തിച്ചതെന്നാണ് വിവരം. ഐ.ഒ.സി. ടെർമിനലിൽ എത്തിച്ച എൽ.പി.ജി. ഉദയംപേരൂർ, പാലക്കാട്, ചേളാരി എന്നീ മൂന്ന് ബോട്ട്ലിങ് പ്ലാന്റുകളിലേക്ക് പൈപ്പ്ലൈൻ വഴി എത്തിക്കും. ഇതിൽ പാലക്കാട് ബോട്ട്ലിങ് പ്ലാന്റ് ബി.പി.സി.എല്ലിന്റേതാണ്. കേരളത്തിൽ പ്രതിമാസം മൂന്ന് കപ്പലുകളിലായി 14,000 ടൺ എൽ.പി.ജിയാണ് എത്തിക്കൊണ്ടിരുന്നത്. ഇറാനെതിരായ യു.എസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതോടെയാണ് രാജ്യത്തിന് പാചക വാതക പ്രതിസന്ധി രൂക്ഷമായത്. രാജ്യത്ത് എൽ.പി.ജി പ്രതിസന്ധി ഹോട്ടലുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കരിഞ്ചയിൽ സിലിണ്ടർ വിൽപ്പനയും വ്യാപമാണ്. കോഴിക്കോട് അടക്കമുള്ള നഗരങ്ങളിൽ 3500 മുതൽ 5500 രൂപ ഈടാക്കിയാണ് കരിഞ്ചന്ത വിൽപ്പന.

പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം: 9,000 ടൺ എൽ.പി.ജിയുമായി ആദ്യകപ്പൽ കൊച്ചിയിലെത്തി
M
MadhyamamSource Link
about 1 month ago