ആലുവ: ഈസ്റ്റർ പുലരിയിൽ കായിക വിനോദങ്ങളോടെയായിരുന്നു ആലുവ മണ്ഡലത്തിലെ ഇടത്-വലത് മുന്നണി സ്ഥാനാർഥികളുടെ തുടക്കം. യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്ത് പ്രഭാത സവാരി കാൽനട പര്യടനമാക്കിയപ്പോൾ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് ആരിഫ് ഞായർദിന പ്രവർത്തനങ്ങൾ ആരംഭിച്ചത്. വാഹനപര്യടനം ഒഴിവാക്കിയെങ്കിലും അൻവർ സാദത്ത് എം.എൽ.എക്ക് തിരിക്കൊഴിഞ്ഞിരുന്നില്ല. പ്രിയപ്പെട്ടവരെ നേരിൽ വിളിച്ച് ഈസ്റ്റർ മംഗളങ്ങൾ നേർന്നും കുശലം അന്വേഷിച്ചും വോട്ടഭ്യർഥിച്ചും പ്രചാരണ തിരക്കുമൂലം മുടങ്ങിയ പ്രഭാതസവാരി ഞായറാഴ്ച പുനരാരംഭിച്ചെങ്കിലും പ്രവർത്തകരും വോട്ടർമാരും ഒപ്പംചേർന്നതോടെ കാൽനട പര്യടനമായി. പുക്കാട്ടുപടിയിൽ നിന്നാരംഭിച്ച നടത്തം നാലു കിലോമീറ്റർ പിന്നിട്ട് കുഴിവേലിപ്പടിവരെ നീണ്ടു. സ്നേഹം പുതുക്കിയും വോട്ടഭ്യർഥിച്ചും നീങ്ങിയ സ്ഥാനാർഥിയെ വഴിയിൽ കണ്ടവർ ഹസ്തദാനം നൽകിയും ആശ്ലേഷിച്ചും പരിചയം ദൃഢമാക്കി. രാവിലെ ആറരയോടെ എടത്തല ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ മുതിർന്ന നേതാക്കളെ നേരിൽ കണ്ട് വോട്ടഭ്യർഥന നടത്താനുള്ള യാത്രക്കിടെ, ആലുവ സ്നേഹപുരം ദേവാലയത്തിൽ ഈസ്റ്റർ തിരുക്കർമങ്ങളിലും പങ്കുകൊണ്ടു. പുക്കാട്ടുപടിയിലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ വസതിയിലെത്തി വോട്ടഭ്യർഥിച്ചു. വിശ്രമത്തിനുശേഷം ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ പ്രാദേശിക നേതാക്കളുമായി കൂടിയാലോചന. ശേഷം മണ്ഡലത്തിൽ പ്രചരണത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റിനെ സ്വീകരിക്കാനായി പുറപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എ.എം. ആരിഫ് രാവിലെ എടത്തല ഡിഫന്റേഴ്സ് ക്ലബിലെത്തി കായികപ്രേമികളുമായി സൗഹൃദം പങ്കിട്ടു. ആലുവയിൽ സ്പോർട്സ് അക്കാദമി ഉൾപ്പെടെ കയികമേഖലയുടെ വളർച്ചക്ക് വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സ്ഥാനാർഥി പറഞ്ഞു. കളിക്കാർക്കൊപ്പം ക്രിക്കറ്റ് കളിയുടെ ഭാഗമാകാനും സമയം കണ്ടെത്തി. തുടർന്ന് ഈസ്റ്റർ ആശംസകളുമായി ആലുവ, കീഴ്മാട് പ്രദേശങ്ങളിലെ ക്രൈസ്തവ ആരാധനാലയങ്ങളും മഠങ്ങളും സന്ദർശിച്ചു. കുന്നത്തേരി, കീഴ്മാട്, ചെമ്പകശേരി, ചൊവ്വര, കൊടികുത്തുമല തുടങ്ങിയ സ്ഥലങ്ങളിൽ വിവാഹ ചടങ്ങുകളിൽ ആശംസകളുമായെത്തി. വിവിധ സംഘടനയുടെ യോഗത്തിലും വോട്ടഭ്യർത്ഥനയുമായെത്തി. സ്ഥാപനങ്ങളും വ്യക്തികളേയും സന്ദർശിച്ച് വോട്ടുതേടി. പുറയാർ, തുരുത്ത്, കീഴ്മാട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. വെള്ളാരപ്പിള്ളിയിൽ ഗൃഹസന്ദർശനം നടത്തി. കാഞ്ഞൂർ പുതിയേടം അമ്പലത്തിലെ ഉത്സവത്തിലും പങ്കെടുത്തു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമുതൽ ആലുവയിൽ നടക്കുന്ന റോഡ് ഷോയിൽ എ.എം. ആരിഫ് പങ്കെടുക്കും.

പ്രഭാത സവാരി കാൽനട പര്യടനമാക്കി അൻവർ സാദത്ത്; യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് ആരിഫ്
M
MadhyamamSource Link
about 1 month ago