പ്രവചനാതീതം തരൂർ

പ്രവചനാതീതം തരൂർ

M
MadhyamamSource Link
തരൂർ: തീ പാറും പോരാട്ടങ്ങൾക്കാണ് കാർഷിക ഗ്രാമമായ തരൂർ മണ്ഡലം സാക്ഷിയാവുന്നത്. 2008ൽ രൂപവത്കരിച്ച മണ്ഡലമായതിനാൽ പാരമ്പര്യക്കുത്തക അവകാശപ്പെടാനില്ലെങ്കിലും 2011 മുതൽ തുടർച്ചയായി എൽ.ഡി.എഫ് ആണ് ഇവിടെ വിജയിച്ചത്. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് ആയിരിക്കെയാണ് പി.പി. സുമോദ് 2016ൽ തരൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയായി രംഗത്ത് വരുന്നത്. 24531 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച സുമോദിന് ഇത് രണ്ടാം ഊഴമാണ്. ദിവസവും രാവിലെ 5.45ന് എഴുന്നേൽക്കും. 30 മിനിറ്റ് വ്യായാമം. ഏഴോടെ പ്രചാരണത്തിനിറങ്ങും. മണ്ഡലത്തിൽ മൂന്ന് തവണ പര്യടനം പൂർത്തിയാക്കി. പെരുങ്ങോട്ടുകുറുശ്ശി, കോട്ടായി പഞ്ചായത്തുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പര്യടനം. ആദ്യത്തെ സ്വീകരണം പെരുങ്ങോട്ടുകുറുശ്ശിയിലെ പുല്ലാട്ടുപടിയിലായിരുന്നു. രാവിലെ ഏട്ടോടെ തന്നെ സ്ഥാനാർഥി‍യെത്തി. സ്വീകരണം നൽകാനായി വോട്ടർമാർ കാത്തുനിൽപുണ്ടായിരുന്നു. തുടർഭരണം ലഭിക്കാനായി തന്നെ ജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് ചുരുങ്ങിയ സമയം സംസാരിച്ചു. പിന്നെ വോട്ടഭ്യർഥന. രണ്ടു പഞ്ചായത്തുകളിലായി 20 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. യു.ഡി.എഫ് സ്ഥാനാർഥി കെ.സി. സുബ്രഹ്മണ്യന്‍റെ കഴിഞ്ഞ ദിവസത്തെ പ്രധാന പരിപാടി കോട്ടായി, തരൂർ, പുതുക്കോട്, കുത്തനൂർ പഞ്ചായത്തുകളിലായിരുന്നു. തരൂർ വേലയോടനുബന്ധിച്ച് കതിന നിറക്കുന്ന തൊഴിലാളികളോടും പൊരി കച്ചവടക്കാരോടും വോട്ടഭ്യർഥന നടത്തി. തുടർന്ന് കോട്ടായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പ്രചാരണ പരിപാടി. പഞ്ചായത്തിലെ പുളിനെല്ലി മൺപാത്ര തൊഴിലാളികളോട് അവർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ചോദിച്ചറിഞ്ഞു. അതുകഴിഞ്ഞ് കുത്തനൂരിലായിരുന്നു പര്യടനം. കഴിഞ്ഞ ദിവസം അന്തരിച്ച റിട്ട. എസ്.പി. വേലായുധന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തുടർന്ന് പ്രവർത്തകയോഗം നടത്തി ഭാവി പരിപാടികൾ തയാറാക്കി. വൈകീട്ടോടെ പുതുക്കാട് എത്തി വിവിധയിടങ്ങളിൽ വോട്ടഭ്യർഥന നടത്തി. തരൂർ പഞ്ചായത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാർഥി എം. സുരേഷ് ബാബുവിന്‍റെ വ്യാഴാഴ്ചത്തെ പര്യടനം. തരൂർ വേലയോടനുബന്ധിച്ച് രാവിലെ തന്നെ ശ്രീ പൂതക്കോട് ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഒപ്പം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വോട്ടഭ്യർഥന നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവചനാതീതം തരൂർ — Madhyamam | Boolokam | Boolokam