ദുബൈ: കഴിഞ്ഞ വർഷം എമിറേറ്റിലെ പൊതുഗതാഗത രംഗത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 737 ബസ് ഡ്രൈവർമാരെ ആദരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പ്രവർത്തന മാനദണ്ഡങ്ങൾ, സുരക്ഷ, ഡ്രൈവിങ്ങിലെ അച്ചടക്കം, കാര്യക്ഷമത എന്നിവ വിലയിരുത്തിയാണ് മികച്ച ഡ്രൈവർമാരെ കണ്ടെത്തിയത്. പൊതുഗതാഗത സേവനങ്ങളുടെ നിലവാരം വർധിപ്പിക്കുന്നതിനും സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിനുമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ആർ.ടി.എയുടെ ബസ് ഓപറേഷൻ വിഭാഗം ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. സുരക്ഷിതമായ ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കളുടെ ബസ് യാത്ര ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിന് നൂതനവും സുസ്ഥിരവുമായ സേവനങ്ങൾ നൽകുന്നതിനും അനുമോദന നടപടികൾ പിന്തുണക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജോലിയിൽ പുലർത്തുന്ന അച്ചടക്കം, ഉപഭോക്തൃ പരാതി തടയൽ, സേവന ഗുണനിലവാരം, ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കൽ, നിയമം അനുസരിക്കൽ, സുരക്ഷ നിലവാരങ്ങൾ കാത്തുസൂക്ഷിക്കൽ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വാർഷിക വിലയിരുത്തൽ നടപടികൾ ആർ.ടി.എ സംഘടിപ്പിക്കാറുണ്ട്. ഇതനുസരിച്ചാണ് മികച്ച ഡ്രൈവർമാരെ കണ്ടെത്തുന്നത്. ദുബെയുടെയും രാജ്യത്തിന്‍റെയും പരിഷ്കൃത മുഖം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ഉപഭോക്താക്കൾക്ക് സുരക്ഷിതവും സംയോജിതവുമായ ഗതാഗത സേവനം നൽകുന്നതിനുള്ള ശ്രമങ്ങളെയും അതിന് മുൻകയ്യെടുത്ത ഡ്രൈവർമാരെയും അദ്ദേഹം അഭിനന്ദിച്ചു. ഡ്രൈവർമാർക്കിടയിൽ പോസിറ്റീവായ മത്സരാന്തരീക്ഷം വർധിപ്പിക്കുന്നതിനൊപ്പം ഉപഭോക്തൃ സേവനങ്ങൾ വികസിപ്പിക്കുന്നതിന് സംരംഭം സഹായകമാവും. കഴിഞ്ഞ വർഷം 197.2 ദശലക്ഷം പേരാണ് ദുബൈയിൽ പൊതുഗതാഗത ബസുകൾ ഉപയോഗിച്ചത്. 2024ലിനെ അപേക്ഷിച്ച് 4.9 ശതമാനമാണ് വർധന. പൊതുഗതാഗത സംവിധാനങ്ങളിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിക്കുന്നുവെന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അൽ സറൂണി വ്യക്തമാക്കി.

പ്രവർത്തന മികവ്: 737 ബസ് ഡ്രൈവർമാർക്ക് ആർ.ടി.എയുടെ ആദരം
M
MadhyamamSource Link
18 days ago