ദുബൈ: ആഭ്യന്തര വിതരണ ശൃംഖലയെ ശക്തിപ്പെടുത്താനും ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറക്കാനും ലക്ഷ്യമിട്ട് പ്രാദേശികമായി 140 പുതിയ ഭക്ഷ്യ ഉൽപന്നങ്ങൾ കൂടി അവതരിപ്പിക്കാനൊരുങ്ങി യു.എ.ഇ. ഈ വർഷമോ അടുത്ത വർഷമോ പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കാനാണ് പദ്ധതി. രാജ്യത്തെ ഭക്ഷ്യോത്പാദനം വർധിപ്പിക്കാനും ദീർഘകാല വിതരണ ശേഷി മെച്ചപ്പെടുത്താനുമുള്ള വിപുലമായ തന്ത്രത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. പാൽ, കോഴി, സംസ്കരിച്ച ഭക്ഷ്യ വിഭാഗങ്ങൾ എന്നിവയിൽ ഉൽപാദനം വർധിപ്പിക്കുന്നതിലായിരിക്കും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. പാലുൽപന്നങ്ങൾ, ചീസുകൾ, ബട്ടർ, ബേക്ക് ചെയ്ത ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലൂടെ രാജ്യത്തിന്‍റെ വിപുലമായ ഭക്ഷ്യ ഉൽപാദന ശൃംഖലയെ പിന്തുണക്കുകയാണ് ലക്ഷ്യമെന്ന് കൃഷി, കന്നുകാലി വകുപ്പ് ചെയർമാനും പ്രൊഡക്ഷൻ എസ്റ്റാബ്ലിഷ്മെന്റ് (ഇ.കെ.ടി.ഐ.എഫ്.എ) സി.ഇ.ഒയുമായ ഡോ. ഖലീഫ മുസബ അൽ തുനൈജി പറഞ്ഞു. പ്രാദേശികമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇ.കെ.ടി.ഐ.എഫ്.എയുമായി ചേർന്ന് പ്രധാന മേഖലകളിലുടനീളം ആഭ്യന്തര ഉൽപാദനം യു.എ.ഇ വർധിപ്പിക്കുന്നതിനിടയിലാണ് പുതിയ വിപുലീകരണം. നിലവിൽ പ്രതിദിന പാലുൽപാദനം 1,30,000 ലിറ്ററാണ്. 2029തോടെ ഇത് മൂന്ന് ലക്ഷം ലിറ്ററായി ഉയരുമെന്നാണ് പ്രതീക്ഷ. ഇതു വഴി 10 ലക്ഷത്തിലധികം പേർക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം. പൗൾട്രി മേഖലയിൽ പ്രതിദിനം 7,000 കോഴികളാണ് പുറത്തിറങ്ങുന്നത്. ഇത് 16,000 ആയി ഉയർത്തും. കൂടാതെ സ്ഥലസൗകര്യങ്ങൾ വിപുലീകരിക്കുന്നതിലൂടെ പ്രതിദിന കോഴി ഉൽപാദന തോത് 25,000ത്തിനും 26,000ത്തിനും ഇടയിൽ വർധിപ്പിക്കുന്നതിലൂടെ ദീർഘകാല പദ്ധതികളാണ് മുന്നോട്ടുവെക്കുന്നത്. പ്രാദേശിക ഫാമുകളിലൂടെ പഴം, പച്ചക്കറികളുടെ വിതരണം ശക്തിപ്പെടുത്തുകയും വിപണിയിൽ സീസണൽ ഉൽപന്നങ്ങളുടെ സുസ്ഥിരമായ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും.

പ്രാദേശികമായി പുതിയ 140 ഉൽപന്നങ്ങൾ; ഭക്ഷ്യോൽപാദനം കൂട്ടാൻ ഒരുങ്ങി യു.എ.ഇ
M
MadhyamamSource Link
about 1 month ago