പ്രീമിയർ ലീഗിൽ ഇന്ന് ‘ഫൈനൽ’! സിറ്റിയും ആഴ്സനലും നേർക്കുനേർ; ചെൽസിയെ വീഴ്ത്തി യുനൈറ്റഡ് ചാമ്പ്യൻസ് ലീഗിനരികെ

പ്രീമിയർ ലീഗിൽ ഇന്ന് ‘ഫൈനൽ’! സിറ്റിയും ആഴ്സനലും നേർക്കുനേർ; ചെൽസിയെ വീഴ്ത്തി യുനൈറ്റഡ് ചാമ്പ്യൻസ് ലീഗിനരികെ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നിർണായക പോരാട്ടം. കിരീടപോരിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഒമ്പതിനാണ് മത്സരം. കിരീട ജേതാക്കളെ നിർണയിക്കുന്നതിൽ ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. നിലവിൽ ആറു പോയന്‍റിന്‍റെ വ്യത്യാസമാണ് ഇരുടീമുകളും തമ്മിലുള്ളത്. 32 മത്സരങ്ങളിൽനിന്ന് ആഴ്സനലിന് 70 പോയന്‍റും 31 മത്സരങ്ങളിൽനിന്ന് സിറ്റിക്ക് 64 പോയന്‍റും. ഇന്ന് ജയിച്ചാൽ ഒമ്പതു പോയന്‍റിന്‍റെ ലീഡുമായി പീരങ്കിപ്പടക്ക് കിരീടം ഏറെക്കുറെ ഉറപ്പിക്കാം. സിറ്റി ജയിച്ചാൽ ആഴ്സനലുമായുള്ള ലീഡ് മൂന്നായി കുറയും. ഒരു മത്സരം കുറവ് കളിച്ചതിന്‍റെ ആനുകൂല്യവുമുണ്ട്. ഇതോടെ കിരീടപോര് കൂടുതൽ ആവേശകരമാകും. ഇരുടീമുകളും ലീഗിൽ പിന്നീടുള്ള ബാക്കി എല്ലാ മത്സരങ്ങളും ജയിച്ചാൽ പോയന്‍റ് നിലയിൽ ഒപ്പത്തിനൊപ്പമെത്തും. ഇതോടെ കിരീട ജേതാക്കളെ നിർണയിക്കുന്നതിൽ ഗോൾവിത്യാസം നിർണായകമാകും. നിലവിൽ ആഴ്സനലിനാണ് മുൻതൂക്കം. ലീഗിലെ മറ്റൊരു മത്സരത്തിൽ ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് ചാമ്പ്യൻസി ലീഗ് യോഗ്യതക്കരികിലെത്തി. നീലപ്പടയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു ഗോളിനാണ് യുനൈറ്റഡിന്‍റെ ജയം. ബ്രസീൽ താരം മാത്യൂസ് കുൻഹയാണ് യുനൈറ്റഡിന്‍റെ വിജയഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസാണ് ഗോളിന് വഴിയൊരുക്കിയത്. സീസണിൽ താരത്തിന്‍റെ 18ാം അസിസ്റ്റാണിത്. പ്രീമിയർ ലീഗ് റെക്കോഡിലേക്ക് രണ്ടു അസിസ്റ്റുകളുടെ അകലം മാത്രം. ഇനിയുള്ള അഞ്ചു മത്സരങ്ങളിൽ എട്ടു പോയന്‍റ് നേടിയാൽ യുനൈറ്റഡിന് ഇടവേളക്കുശേഷം ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്താനാകും. ലീഗിൽ ചെൽസിയുടെ തുടർച്ചയായ നാലാം തോൽവിയാണ്, ടീമിന്‍റെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഭീഷണിയിലാണ്. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബഹുദൂരം മുന്നിൽനിന്നിട്ടും ചെൽസിയെ നിർഭാഗ്യം പിടികൂടി. മൂന്നു തവണയാണ് പന്ത് യുനൈറ്റഡ് പോസ്റ്റിന്‍റെ ബാറിൽ തട്ടി പുറത്തേക്ക് പോയത്. മത്സരത്തിൽ 59 ശതമാനം പന്ത് കൈവശം വെച്ച ചെൽസി, 22 ഷോട്ടുകളാണ് ഗോളിലേക്ക് തൊടുത്തത്. യുനൈറ്റഡിന്‍റെ അക്കൗണ്ടിൽ നാലെണ്ണം മാത്രം. ഈ മാസം 26ന് വെംബ്ലിയിൽ എഫ്.എ കപ്പ് സെമി ഫൈനലിൽ ലീഡ്സ് യുനൈറ്റഡിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം. 27ന് പ്രീമിയർ ലീഗിൽ ബ്രെന്‍റ്ഫോർഡുമായി ഓൾഡ് ട്രാഫോർഡിൽ യുനൈറ്റഡും ഏറ്റുമുട്ടും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രീമിയർ ലീഗിൽ ഇന്ന് ‘ഫൈനൽ’! സിറ്റിയും ആഴ്സനലും നേർക്കുനേർ;… | Boolokam