ബംഗളൂരു: സംസ്ഥനത്തെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ക് നിവേദനം നൽകി. എച്ച്.എ.എൽ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത ശേഷം റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവർക്കൊപ്പമാണ് നിവേദനം കൈമാറിയത്. ബംഗളൂരുവിനും ചെന്നൈക്കും ഇടയിലുള്ള നിർദ്ദിഷ്ട അതിവേഗ റെയിൽപാതയില്‍ മൈസൂരുവിനെയും ഉൾപ്പെടുത്തുക, ബംഗളൂരു സബർബൻ റെയിൽ പദ്ധതിക്കുള്ള ഫണ്ട് എത്രയും വേഗം അനുവദിക്കുക, കിത്തൂർ, കല്യാണ കർണാടക ജില്ലകളെ ഉൾപ്പെടുത്തി ബംഗളൂരു-മുംബൈ അതിവേഗ റെയിൽ ഇടനാഴി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. വിവരസാങ്കേതികവിദ്യ, ഉൽപാദനം, കൃഷി എന്നീ മേഖലകളിൽ സംസ്ഥാനം മികച്ച സംഭവനകള്‍ നല്‍കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ജൽ ജീവൻ മിഷൻ പ്രകാരം 17,554 കോടി രൂപ, ഗ്രാമപഞ്ചായത്തുകൾക്ക് 2,890 കോടി രൂപ, ധനകാര്യ കമീഷൻ ഗ്രാന്റുകൾക്കായി 5,495 കോടി രൂപ കൂടാതെ ബംഗളൂരുവിന് 6,000 കോടി രൂപ പ്രത്യേക ഗ്രാന്റായി അനുവദിക്കണം. ദേശീയ സമ്പദ്വ്യവസ്ഥക്ക് മികച്ച സംഭാവന നൽകിയിട്ടും കഴിഞ്ഞ 12 വർഷത്തിനിടെ കർണാടകക്ക് പുതിയ ദേശീയ പാത പദ്ധതികളും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേക്കദട്ടു, അപ്പർ ഭദ്ര തുടങ്ങിയ പ്രധാന പദ്ധതികൾക്ക് അംഗീകാരം നൽകണമെന്നും കൃഷ്ണ ജല തർക്ക ട്രൈബ്യൂണൽ-II അവാർഡ് വിജ്ഞാപനം ചെയ്യണമെന്നും അപ്പർ കൃഷ്ണ പദ്ധതി മൂന്നാംഘട്ടം ദേശീയ പദ്ധതിയായി പ്രഖ്യാപിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കലാസ നള പദ്ധതിക്ക് വന്യജീവി അനുമതി നൽകുക, സംസ്ഥാനത്തിന്റെ 56 ശതമാനം സംവരണ നയം ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, കല്യാണ കർണാടകക്ക് വാർഷിക സഹായം 5,000 കോടി രൂപ, വടക്കൻ കർണാടക ജില്ലകളിൽ പൊതുമേഖല സ്ഥാപനങ്ങൾ സ്ഥാപിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ശരാവതി പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടിന് എത്രയും വേഗം അനുമതി നൽകണമെന്നും റായ്ച്ചൂരിൽ എയിംസ് സ്ഥാപിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ നിവേദനത്തില്‍ അടങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രിക്ക് നിവേദനവുമായി സിദ്ധരാമയ്യ
M
MadhyamamSource Link
23 days ago