റിയാദ്: മണലാരണ്യത്തിലെ കഠിനാധ്വാനികൾക്കും സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കും സാന്ത്വനമേകി പ്രവാസി വെൽഫെയർ റിയാദ് ചാപ്റ്ററിെൻറ ‘സ്നേഹസ്പർശം 2026’ പദ്ധതിക്ക് തുടക്കമായി. പെരുന്നാൾ, വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ, റിയാദിലെ വിവിധ ലേബർ ക്യാമ്പുകളിലും നഗരത്തിന് പുറത്തുള്ള മരുഭൂമിയിലെ താമസസ്ഥലങ്ങളിലും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്കായി അഞ്ഞൂറിലധികം പുത്തൻ വസ്ത്രങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷവും വിജയകരമായി നടപ്പാക്കിയ ഈ പദ്ധതി, ഈ വർഷം കൂടുതൽ വിപുലമായ രീതിയിലാണ് പ്രവാസി വെൽഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. റിയാദിലെ വിതരണത്തിന് പുറമെ, നാട്ടിൽ വരാനിരിക്കുന്ന വിഷു, ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ അർഹരായ കുടുംബങ്ങൾക്കും അഞ്ഞൂറോളം പുത്തൻ വസ്ത്രങ്ങൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. മണലാരണ്യത്തിലെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലും മറ്റും കഴിയുന്ന പ്രവാസികൾക്ക് പെരുന്നാൾ ദിനങ്ങളിൽ സന്തോഷം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ പദ്ധതി നടപ്പാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സ്നേഹസ്പർശം കോഓഡിനേറ്റർ ആബിദ് സായിദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വസ്ത്രങ്ങളുടെ പാക്കിങ്ങിലും വിതരണത്തിലും റിഷാദ് എളമരം, അജ്മൽ ഹുസൈൻ, അംജദ് അലി, ബഷീർ പാണക്കാട്, ജവാഹർ, ബാരിഷ് ചെമ്പകശ്ശേരി, നിയാസ് അലി, ലബീബ് മാറഞ്ചേരി, അഡ്വ. ജമാൽ, ജസീറ അജ്മൽ, ആയിഷ, അബ്ദുറഹ്മാൻ ഒലയാൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രവാസി വെൽഫെയർ റിയാദ് ഘടകം ‘സ്നേഹസ്പർശം 2026’; പുതുവസ്ത്ര വിതരണത്തിന് തുടക്കമായി
M
MadhyamamSource Link
about 1 month ago