റിയാദ്: കേരളത്തിെൻറ സാമ്പത്തിക നട്ടെല്ലായ പ്രവാസി സമൂഹത്തിന് വോട്ടവകാശം പ്രായോഗികമായി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിനെതിരെ ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന തെരഞ്ഞെടുപ്പ് അവകാശം, വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥ തുടരുകയാണെന്ന് ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. 1950-ലെയും 1951-ലെയും ജനപ്രാതിനിധ്യ നിയമങ്ങളിൽ 2010-ൽ വരുത്തിയ ഭേദഗതി പ്രകാരം പ്രവാസികൾക്ക് വോട്ടർ രജിസ്ട്രേഷൻ അനുവദനീയമാണ്. എന്നാൽ, വോട്ട് ചെയ്യാൻ ഇന്ത്യയിൽ നേരിട്ട് എത്തണമെന്ന കർശന വ്യവസ്ഥ ലക്ഷക്കണക്കിന് പ്രവാസികൾക്ക് വലിയ പ്രതിബന്ധമായി തുടരുകയാണ്. തൊഴിൽപരമായ കാരണങ്ങളാൽ തെരഞ്ഞെടുപ്പ് വേളയിൽ നാട്ടിലെത്തുക പ്രായോഗികമല്ലെന്നും, ഇത് പ്രവാസികളെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് അകറ്റി നിർത്തുന്നതിന് തുല്യമാണെന്നും ജി.എം.എഫ് ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യ ഇത്രയേറെ പുരോഗമിച്ച കാലഘട്ടത്തിൽ പ്രവാസികൾക്കായി പോസ്റ്റൽ ബാലറ്റ് അല്ലെങ്കിൽ ഇ-വോട്ടിംഗ് സംവിധാനം നടപ്പാക്കുക, വിദേശങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി വോട്ടിങ് സൗകര്യം ഒരുക്കുക, വോട്ടവകാശം ഉറപ്പാക്കാൻ ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരിക എന്നിവയാണ് ഫെഡറേഷൻ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിൽ വലിയ സംഭാവനകൾ നൽകുന്ന പ്രവാസികളോട് കാണിക്കുന്ന ഈ അനീതി അവസാനിപ്പിക്കാൻ ഇലക്ഷൻ കമീഷൻ ഉൾപ്പെടെയുള്ള അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് ജി.എം.എഫ് ആവശ്യപ്പെട്ടു. പ്രവാസികളുടെ ശബ്ദം ജനാധിപത്യത്തിെൻറ ഭാഗമാകേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്നും വോട്ടവകാശം പ്രായോഗികമായി നടപ്പാക്കിയാൽ മാത്രമേ ജനാധിപത്യത്തിെൻറ സമഗ്രത ഉറപ്പാക്കാനാകൂ എന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചെയർമാൻ റാഫി പാങ്ങോട്, ജി.സി.സി പ്രസിഡൻറ് ബഷീർ അംബലായി, ജി.സി.സി കോഓഡിനേറ്റർ അഫ്സൽ കണ്ണൂർ, ഖത്തർ പ്രസിഡൻറ് അഡ്വ. ജാഫർ ഖാൻ, ജനറൽ സെക്രട്ടറി പ്രകാശ് കണ്ണൂർ, ഹരികൃഷ്ണൻ കണ്ണൂർ, അബ്ദുൽ അസീസ് പവിത്ര, ഷാജി മഠത്തിൽ, മുസ്തഫ കുമരനെല്ലൂർ, സജീർ പെരുംകുളം, ടോം ചാമക്കാലയിൽ, സുബൈർ കൂമ്മൽ, കാസിം പാടത്തായി, നജീബ് കടലായി എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ ഈ ആവശ്യം ഉന്നയിച്ചത്.

പ്രവാസികളുടെ വോട്ടവകാശം പ്രായോഗികമാക്കണം; ഗൾഫ് മലയാളി ഫെഡറേഷൻ
M
MadhyamamSource Link
about 1 month ago