ജിദ്ദ: കേരളത്തിെൻറ ഭാവി രാഷ്ട്രീയവും പ്രവാസികളുടെ അവകാശങ്ങളും ഗൗരവമായി ചർച്ച ചെയ്ത് ജിദ്ദ കെ.എം.സി.സി മീഡിയ വിങ് ‘കേരളം @ 2026 പ്രവാസത്തിെൻറ നിലപാടും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ പാനൽ ഡിബേറ്റ് സംഘടിപ്പിച്ചു. സീസൺ റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിെൻറ മതസൗഹാർദം തകർക്കുന്ന രീതിയിലുള്ള ഇടത് സർക്കാർ നിലപാടുകൾ നാടിന് അപകടമാണെന്നും പ്രവാസികൾക്ക് വെറും വാഗ്ദാനങ്ങൾ നൽകി സർക്കാർ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസി പെൻഷൻ എന്നത് സർക്കാറിെൻറ ഔദാര്യമല്ല, മറിച്ച് പ്രവാസിയുടെ അവകാശമായി മാറുകയാണ് വേണ്ടതെന്ന് ചർച്ച നിയന്ത്രിച്ച മീഡിയ വിങ് ചെയർമാൻ സുൽഫിക്കർ ഒതായി അഭിപ്രായപ്പെട്ടു. വിദേശത്ത് ഒരു പ്രവാസി മരിച്ചാൽ മാതൃരാജ്യത്തുനിന്ന് എന്ത് ആനുകൂല്യമാണ് ലഭിക്കുന്നതെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് മാധ്യമ പ്രവർത്തകൻ ഗഫൂർ കൊണ്ടോട്ടി ചർച്ചയിൽ ഉന്നയിച്ചു. പ്രവാസി ക്ഷേമനിധിയും പെൻഷനും കാലാനുസൃതമായി പരിഷ്കരിക്കുക, മടങ്ങിയെത്തുന്നവർക്കായി ഫലപ്രദമായ പുനരധിവാസ പദ്ധതികൾ നടപ്പാക്കുക, വോട്ടവകാശത്തിനായി പ്രോക്സി വോട്ട് - ഇ ബാലറ്റ് സംവിധാനങ്ങൾ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. യു.ഡി.എഫ് പ്രകടന പത്രിക പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും കേരളത്തിൽ ഭരണമാറ്റം ഉണ്ടായാൽ മാത്രമേ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്നും ഭൂരിഭാഗം പ്രതിനിധികളും അഭിപ്രായപ്പെട്ടു. ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് അബ്ദുൽ റസാഖ്, വിവിധ സംഘടനാ പ്രതിനിധികളായ ഹക്കീം പാറക്കൽ, വാസു, സിബി ജോർജ്, കെ.വി. നാസർ, മറിയം ടീച്ചർ, മുഹ്സിന ശരീഫ്, മുംതാസ് ടീച്ചർ, ഷമീല മൂസ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അബ്ബാസ് ചെമ്പൻ, ഉബൈദുല്ല തങ്ങൾ, സിദ്ദീഖ്, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, ഇല്യാസ് തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. നാസർ വെളിയങ്കോട് ചർച്ച ഉപസംഹരിച്ചു. മീഡിയ വിങ് കൺവീനർ ജാഫർ പാലകോട് സ്വാഗതവും മൂസ പട്ടത്ത് നന്ദിയും പറഞ്ഞു. നൗഫൽ ഉള്ളാടൻ, ബാദുഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രവാസലോകത്തിെൻറ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിങ് പാനൽ ഡിബേറ്റ്
M
MadhyamamSource Link
about 1 month ago