അടിമാലി: താലൂക്കാശുപത്രിയിലെ പ്രസവ വാർഡിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. പൊലീസുകാരനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കുറത്തികൂടി ഉന്നതിയിലെ രവികുമാറിനെ (29) അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിൽ എത്തിയ ഇയാൾ ബഹളമുണ്ടാക്കിയതോടെ പിടിച്ചുമാറ്റാൻ സെക്യൂരിറ്റി ജീവനക്കാരനും മറ്റും ശ്രമിച്ചു. ഇതോടെ ഇയാൾ കൂടുതൽ പ്രകോപിതനാവുകയും ആശുപത്രി ഉപകരണങ്ങൾ കേടുവരുത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. സംഭവം കണ്ട് എത്തിയ എയ്ഡ് പോസ്റ്റിലെ പൊലീസുകാരന്റെ യൂനിഫോം വലിച്ചുകീറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യുവാവിന്റെ മർദനത്തിൽ എസ്.ടി പ്രമോട്ടർ രഞ്ജിത്തിന്റെ കർണപുടം പൊട്ടി. സെക്യൂരിറ്റി ജീവനക്കാരൻ വർഗീസിനും പരിക്കുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജീവനക്കാർ പ്രതിഷേധ യോഗം നടത്തി. ആശുപത്രിയിൽ പലപ്പോഴും മദ്യപരുടെ ശല്യം ഉണ്ടാകുന്നതായും രാത്രി എട്ടിനുശേഷം ഗേറ്റുകൾ അടച്ച് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ഓപറേഷൻ തിയറ്റർ, വാർഡുകൾ തുടങ്ങി എല്ലായിടത്തും രോഗികളോ കൂട്ടിരിപ്പുകാരോ അല്ലാത്തവർ ധാരാളം എത്തുന്നു. ഇത് നിയന്ത്രിക്കാൻ ശ്രമിച്ചാൽ ജീവനക്കാർക്ക് നേരെ കൈയേറ്റ ശ്രമവും അസഭ്യവർഷവുമാണ്. വിഷയം ആശുപത്രി വികസന സമിതിയെ അറിയിച്ചിട്ടും പരിഹാരം മാത്രം ഉണ്ടാകുന്നില്ലെന്നും ജീവനക്കാർ കുറ്റപ്പെടുത്തി.

പ്രസവ വാർഡിൽ മദ്യലഹരിയിലെത്തിയ യുവാവിന്റെ പരാക്രമം; മൂന്നു പേർക്ക് പരിക്ക്
M
MadhyamamSource Link
22 days ago