ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ: ഇസ്രായേൽ പാർലമെന്റ് നടപടിയെ അപലപിച്ച് ഒമാൻ

ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ: ഇസ്രായേൽ പാർലമെന്റ് നടപടിയെ അപലപിച്ച് ഒമാൻ

M
MadhyamamSource Link
മസ്കത്ത്: അനധികൃതമായി തടവിലിട്ട ഫലസ്തീനി പൗരന്മാരെ തൂക്കിലേറ്റാൻ ഇസ്രായേൽ പാർലമെന്റ് പാസാക്കിയ നിയമത്തെ ഒമാൻ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും തടവുകാരുടെയും തടങ്കലിലുള്ളവരുടെയും അവകാശങ്ങളും ലംഘിക്കുന്ന നടപടിയാണിതെന്ന് സുൽത്താനേറ്റ് ചൂണ്ടിക്കാട്ടി. തടവുകാരെയും തടങ്കലിലുള്ളവരെയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളെ, പ്രത്യേകിച്ച് മനുഷ്യാവകാശ നിയമത്തിലെ വ്യവസ്ഥകളെ, ഈ നിയമം ഗുരുതരമായി ലംഘിക്കുന്നുവെന്ന് വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ തടവുകാരുടെ ജീവനുനേരെയുള്ള ആക്രമണങ്ങളെ നിയമവിധേയമാക്കുകയോ അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു നടപടിയെയും തള്ളിപ്പറയുന്നതായി ഒമാൻ പറഞ്ഞു. അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങൾ പാലിക്കാനും എല്ലാ തടവുകാരുടെയും തടങ്കലിലുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാനും ആഗോള സമൂഹം മുന്നോട്ടുവരണമെന്ന് സുൽത്താനേറ്റ് ആഹ്വാനം ചെയ്തു. ഇസ്രായേൽ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്ന ഫലസ്തീനികളെ വധിക്കാൻ അനുമതി നൽകുന്ന വിവാദ നിയമമാണ് ഇസ്രായേൽ പാർലമെന്റായ നെസെറ്റ് പാസാക്കിയത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സഖ്യകക്ഷിയായ തീവ്ര വലതുപക്ഷ പാർട്ടികളുടെ കടുത്ത സമ്മർദത്തെത്തുടർന്നാണ് ഈ നീക്കം. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 120 അംഗ സഭയിൽ 62 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. പുതിയ നിയമപ്രകാരം ‘ഇസ്രായേലിന്റെ നിലനിൽപ്പ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്തുന്ന’വരെ തൂക്കിക്കൊല്ലും. ഈ നിയമം പ്രായോഗികമായി ഫലസ്തീനികളെയും ഇസ്രായേലിലെ അറബ് വംശജരെയുമാണ് ലക്ഷ്യമിടുന്നത്. സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജൂത വംശജർക്ക് ഈ ശിക്ഷ ബാധകമാകില്ല. വധശിക്ഷ വിധിക്കപ്പെട്ടാൽ 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റും, വധശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് ഇളവിനായി അപേക്ഷിക്കാൻ അവകാശമുണ്ടാവില്ല തുടങ്ങിയ കർശന ഉപാധികളുമുണ്ട്. പുതിയ നിയമം വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളിൽ വിചാരണ നേരിടുന്ന ഫലസ്തീനികൾക്ക് കനത്ത തിരിച്ചടിയാകും. ഐക്യരാഷ്ട്ര സഭയും ആംനസ്റ്റി ഇന്റർനാഷനലും നിയമത്തെ എതിർത്ത് രംഗത്തെത്തി. ഒമാനു പുറമെ, ഖത്തർ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഗൾഫ് സഹകരണ കൗൺസിലും അറബ് ലീഗും ഇതിനെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, സ്​പെയിൻ എന്നിവയും ഈ നീക്കത്തെ ശക്തമായി അപലപിച്ചു. നിയമം വിവേചനപരമാണെന്നും ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും യൂറോപ്യൻ യൂനിയൻ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ: ഇസ്രായേൽ പാർലമെന്റ് നടപടിയെ അപ… | Boolokam